‘കെ.എസ്.യു നടത്തുന്നത് നീതിക്കുവേണ്ടിയുള്ള പോരാട്ടം; സർക്കാർ സമരത്തോട് മുഖം തിരിക്കുന്നു’: പാട്ടും പാടി രമ്യാ ഹരിദാസ് എം.പി സമരപ്പന്തലിൽ

Friday, July 19, 2019

നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് കെ.എസ്.യു നടത്തുന്നതെന്ന് ആലത്തൂര്‍ എം.പി രമ്യാ ഹരിദാസ്. സമരത്തോട് മുഖം തിരിക്കുന്ന സര്‍ക്കാർ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും രമ്യാ ഹരിദാസ് പറഞ്ഞു. കെ.എസ്.യു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തിയതായിരുന്നു രമ്യാ ഹരിദാസ്.

യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പി.എസ്.സിയില്‍ ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ ഞെട്ടിക്കുന്നതാണ്.  കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിന്‍റെ നേതൃത്വത്തില്‍ നീതിക്ക് വേണ്ടി നടക്കുന്ന സമരത്തോട് മുഖം തിരിക്കുന്ന സമീപനത്തിലൂടെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.

കഷ്ടപ്പെട്ട് പഠിച്ചാണ് പി.എസ്.സിക്ക് വേണ്ടി പരീക്ഷാര്‍ത്ഥികള്‍ തയാറെടുക്കുന്നത്. അത്തരത്തിലുള്ളവരെ വഞ്ചിക്കുന്ന പ്രവണതയാണ് അനർഹർ ലിസ്റ്റില്‍ കടന്നുകൂടുന്നത്. പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടമാകുന്നസംഭവങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന് പിന്നിലെ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാനും പി.എസ്.സിയുടെ സുതാര്യത ഉറപ്പാക്കാനും സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. നിരവധി യുവാക്കളാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട് തന്നെ ഫോണില്‍ വിളിച്ച് ആശങ്ക അറിയിച്ചത്. അതുകൊണ്ടുകൂടിയാണ് വിഷയം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചതെന്നും എം.പി പറഞ്ഞു.

നീതിക്ക് വേണ്ടിയാണ് കെ.എസ്.യുവിന്‍റെ സമര പോരാട്ടമെന്നും ഈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സമരപ്പന്തലില്‍ എത്തിയതെന്നും രമ്യാ ഹരിദാസ് എം.പി പറഞ്ഞു. പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം പാട്ടുകളും പാടിയാണ് ആലത്തൂരിന്‍റെ എം.പി കെ.എസ്.യു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തല്‍ വിട്ടത്.

https://www.facebook.com/JaihindNewsChannel/videos/434867297152634/

https://www.facebook.com/JaihindNewsChannel/videos/645877755913001/