ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രമേശ്‌ ചെന്നിത്തല ; വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു

Jaihind News Bureau
Sunday, March 1, 2020
Ramesh-Chennithala-Jan-15

തിരുവനന്തപുരം : ഇറാനിൽ കുടുങ്ങിയ കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ അടിയന്തരമായി നാട്ടിലെത്തിക്കാൻ വേണ്ട ഇടപെടൽ നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറിന് ഇ-മെയിൽ സന്ദേശം അയച്ചു.

ആഹാരം പോലും ലഭിക്കാത്ത സാഹചര്യമാണ് ഉള്ളതെന്ന മാധ്യമ വാർത്ത വളരെ അധികം ആശങ്ക ഉളവാക്കുന്നതാണ്. ഇറാനില്‍ കുടുങ്ങിയ മലയാളികളായ മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്നും കാലതാമസം കൂടാതെ ഇവരെ മടക്കിക്കൊണ്ട് വരണമെന്നും രമേശ് ചെന്നിത്തല വിദേശകാര്യ മന്ത്രിക്കയച്ച സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

പൊഴിയൂർ, വിഴിഞ്ഞം , മരിയനാട് എന്നിവടങ്ങളിൽ നിന്നും പോയ 17 മലയാളികളുൾപ്പെട്ട സംഘമാണ് ഇറാനില്‍ കുടുങ്ങിയത്. കോറോണ വൈറസ് ബാധ കണക്കിലെടുത്തുളള സുരക്ഷാ നടപടികളുടെ പശ്ചാത്തലത്തിലാണ് ഇവർക്ക് നാട്ടിലേക്ക് തിരിച്ചെത്താന്‍ കഴിയാത്തത്. ഇവർക്ക് ദിവസങ്ങളായി ഭക്ഷണം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇവരെ നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾ ആരംഭിച്ചു.

നാല് മാസം മുൻപ് ഇറാനിലേക്ക് പോയ മത്സ്യതൊഴിലാളികളാണ് ഇറാനിലെ അസലൂരിൽ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങിയത്. ഫേസ്ബുക്കിലൂടെ വീഡിയോ പ്രചരിച്ചതോടെയാണ് ഇവരുടെ ദുരവസ്ഥ പുറം ലോകം അറിഞ്ഞത്. പൊഴിയൂർ, വിഴിഞ്ഞം , മരിയനാട് എന്നിവിടങ്ങളിൽ നിന്നും പോയ 17 മലയാളികളും തമിഴ്നാട് അടക്കം അയൽ സംസ്ഥാനങ്ങളിൽ നിന്നുളള നിരവധി പേരും ഇവർക്കൊപ്പമുണ്ട്. കൊറോണ സുരക്ഷ കർശനമാക്കിയ പശ്ചാത്തലത്തിലാണ് നാട്ടിലേക്ക് തിരിച്ചെത്താനാകാത്ത സ്ഥിതിയുണ്ടായത്. ആഹാരം പോലും ഇല്ലാതെയാണ് ദിവസങ്ങളായി ഇവർ കഴിയുന്നത്.

സ്പോൺസർമാരുമായി ബന്ധപ്പെട്ടിട്ടും നാട്ടിലെക്ക് തിരിച്ചെത്താൻ കഴിയാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. കോറോണ പടർന്ന് പിടിക്കുന്നതിനാൽ അതീവ ജാഗ്രതയിലാണ് ഇറാൻ. കോവിഡ് 19 ബാധയില്‍ ഇറാനില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 54 കഴിഞ്ഞു.