മുഖ്യമന്ത്രിക്ക് ഇപ്പോഴും ലാവലിന്‍ ബാധ, സിപിഎം വിഭാഗീയത കുത്തിപ്പൊക്കി രക്തസാക്ഷി ചമയുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം:  കൊവിഡിന്റെ മറവില്‍ നടക്കുന്ന അഴിമതികള്‍കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതികളും കൊള്ളകളും തുടരുമ്പോള്‍ പ്രതിപക്ഷത്തിന് ചൂണ്ടിക്കാണിക്കേണ്ടിവരും. തട്ടിപ്പ് പുറത്തുവന്നതിന്റെ വേവലാതിയാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലാവലിന്‍ ബാധ മുഖ്യമന്ത്രിയെ പിന്തുടരുകയാണ്. സര്‍ക്കാര്‍ നടത്തിയ അഴിമതി പുറത്തുകൊണ്ടുവന്നതില്‍ എന്ത് ഗൂഢാലോചനയാണ് നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. ഗൂഢാലോചന സിദ്ധാന്തം ഉയര്‍ത്തിക്കാട്ടാതെ ജനങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം വിഭാഗീയത ഉയർത്തി രക്തസാക്ഷി പരിവേഷം നേടാനാണ് മുഖ്യമന്ത്രിയുടെ  ശ്രമം. മുന്‍പ് അദ്ദേഹത്തെ തേജോവധം ചെയ്തത് സിപിഎമ്മുകാര്‍ തന്നെയാണ്.  ഇതും സ്പ്രിങ്ക്ളറും കൂട്ടിക്കുഴയ്ക്കേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇടത് മുന്നണിയുടെ നിലപാടിനെതിരായാണ് മുഖ്യമന്ത്രി എടുത്ത തീരുമാനമെന്ന് പാർട്ടി തന്നെ വ്യക്തമാക്കുന്നു. ഐ ടി സെക്രട്ടറി പാർട്ടി ആഫീസിലെത്തി നിലപാട് വിശദീകരിക്കുന്നത് കേട്ടുകേഴ്വിയില്ലാത്തതാണ്. ഉദ്യോഗസ്ഥന്മാരുടെ മനോവീര്യം കെടുത്തുന്ന നടപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment