പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ ഫോണ്‍ ചോർത്തലില്‍ നടപടി വേണം ; രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Jaihind News Bureau
Thursday, March 12, 2020

തിരുവനന്തപുരം : പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ഫോൺ ചോർത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഫോൺ ചോർത്തുന്നതിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിനുള്ള നീക്കമാണ് സർക്കാർ ഇപ്പോൾ നടത്തുന്നത്. അതിനാൽ ഇത് സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് റദ്ദ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

സർക്കാരിന്‍റെ അഴിമതി പുറത്തു കൊണ്ടുവരുന്നു എന്ന കാരണത്താൽ മാധ്യമ പ്രവർത്തകരുൾപ്പെടെയുള്ളവരുടെ ഫോൺ ടാപ്പ് ചെയ്യുന്നത് ഗുരുതരമായ നിയമലംഘനമാണ്. ഇന്ത്യൻ ഭരണ ഘടന പൗരന് ഉറപ്പ് നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിനും സ്വകാര്യതക്കും മേലുള്ള കടന്നു കയറ്റമാണ് സർക്കാർ നടത്തുന്ന ഫോൺ ടാപ്പിംഗ് നടപടിയെന്ന് രമേശ്‌ ചെന്നിത്തല കത്തിൽ ചൂണ്ടിക്കാണിച്ചു.

സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കുന്നതിന് മുമ്പ് ചോർന്നു എന്ന ബാലിശമായ കാരണമാണ് ഇതിന് നിരത്തുന്നത്. ഒദ്യോഗിക ചട്ടങ്ങളുടെ മറവിൽ സർക്കാരിന്‍റെ അഴിമതി ഒളിച്ചുവെക്കാനാകില്ലെന്ന് റഫാൽ ഹർജി പരിഗണിക്കുന്ന വേളയിൽ സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. സി.എ.ജിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള ഇടപാടുകൾക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. പകരം അഴിമതി ചൂണ്ടിക്കാട്ടുന്ന താൻ ഉൾപ്പെടെയുള്ളവരുടെ ഫോൺ ടാപ്പ് ചെയ്യുന്നതിന് ജനാധിപത്യത്തിന് തന്നെ കളങ്കമാണ്. ഇതിന് നേതൃത്വം നൽകുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

teevandi enkile ennodu para