മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ ഐസക്കിന് മന്ത്രിസഭയില്‍ തുടരാന്‍ അർഹതയില്ല ; രാജിവെയ്ക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, December 1, 2020

തിരുവനന്തപുരം: മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞ സ്ഥിതിക്ക് ധനമന്ത്രി സ്ഥാനത്ത്  തുടരാന്‍ തോമസ് ഐസക്കിന് അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്നും അല്‍പമെങ്കിലും ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കില്‍ ഉടന്‍ രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ടു ദിവസമായി വിജിലന്‍സിനെതിരെ വാളോങ്ങി നിന്ന തോമസ് ഐസക്കിനെ മുഖമടച്ച് പ്രഹരിക്കുന്ന മട്ടിലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. പരസ്യമായി മുഖ്യമന്ത്രി തന്‍റെ മന്ത്രിസഭയിലെ ഒരംഗത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. അതിനര്‍ത്ഥം ആ മന്ത്രിയില്‍ മുഖ്യമന്ത്രിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ്. ആ നിലയ്ക്ക് മുഖ്യമന്ത്രിയുടെ വിശ്വാസം നഷ്ടപ്പെട്ട തോമസ് ഐസക്കിന് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ല.

കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡ് ആരുടെ വട്ടാണെന്നാണ് മന്ത്രി തോമസ് ഐസക്ക്  നേരത്തെ ചോദിച്ചത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ സഹായിക്കുന്നതിനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും മന്ത്രി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വിജിലന്‍സിനെതിരെ ഗുരുതരമായ ആരോപണമാണ് ഐസക്ക് ഉന്നയിച്ചത്. അതിനെയാണ് മുഖ്യമന്ത്രി തള്ളിയതും കെ.എസ്.എഫ്.ഇയിലെ പോരായ്മകള്‍ ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിരശോധന നടത്തിയതെന്ന് വ്യക്തമാക്കിയതും. അതായത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് റെയ്ഡ് നടന്നതെന്നാണ് അര്‍ത്ഥം. അപ്പോള്‍ ഗൂഢാലോചന എന്ന് ഐസക്ക് പറഞ്ഞതില്‍ മുഖ്യമന്ത്രിയും ഉള്‍പ്പെടുന്നു.

മുഖ്യമന്ത്രിക്കും ധന മന്ത്രിക്കും പരസ്പര വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണിവിടെ. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തവും നഷ്ടപ്പെട്ടിരിക്കുന്നു. കെ.എസ്.എഫ്.ഇ റെയ്ഡില്‍ ആര്‍ക്കാണ് വട്ടെന്ന പഴയ ചോദ്യത്തില്‍ തോമസ് ഐസക്ക് ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ടോ എന്നും  രമേശ് ചെന്നിത്തല ചോദിച്ചു.