‘മന്‍ കീ ബാത്ത്’ അല്ല ഇത് ‘മൗന്‍ കീ ബാത്ത്’ : മോദിയെ പരിഹസിച്ച് രാജ് താക്കറെ

Jaihind Webdesk
Monday, May 20, 2019

‘മന്‍ കീ ബാത്ത്’ അല്ല ഇത് ‘മൗന്‍ കീ ബാത്ത്’ ആണെന്ന് മോദിയെ പരിഹസിച്ച്  മഹാരാഷ്ട്ര നവ നിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ. പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം നരേന്ദ്രമോദി ജനങ്ങളോട് സംസാരിച്ചിരുന്നത് ‘മന്‍ കീ ബാത്ത്’ എന്ന പരിപാടിയിലൂടെയായിരുന്നു. എന്നാല്‍ ആദ്യമായി പ്രധാനമന്ത്രി ഒരു വാര്‍ത്താസമ്മേളനത്തിന് എത്തിയപ്പോള്‍ രാജ്യമൊന്നാകെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്കായി കാതോര്‍ത്തെങ്കിലും അമിത് ഷായ്ക്കൊപ്പം എത്തിയ മോദി മൗനമായി ഇരിക്കുകയാണ് ചെയ്തത്. മോദിയുടെ ഈ പ്രവര്‍ത്തിയ്ക്കെതിരെ രൂക്ഷമായി ഭാഷയിലാണ് രാജ് താക്കറെ വിമര്‍ശിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്ന മോദി തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ചതിന്‍റെ ലക്ഷണമാണ് അവിടെ കണ്ടതെന്നും വാര്‍ത്താ സമ്മേളനമല്ല ‘മൗന്‍ കീ ബാത്ത്’ ആണ് അവിടെ നടന്നതെന്നും രാജ്താക്കറെ പരിഹസിച്ചു.

എല്ലാ കാര്യങ്ങളും അമിത് ഷാ പറയുമായിരുന്നെങ്കില്‍ പ്രധാനമന്ത്രി എന്തിനാണ് പത്രസമ്മേളനത്തിലേയ്ക്ക് വന്ന് ഇരുന്നതെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം താന്‍ ചെയ്തതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് മാനസികമായി തോല്‍വി സമ്മതിച്ചുവെന്നതിന്‍റെ തെളിവാണെന്നും രാജ്താക്കറെ പറഞ്ഞു. മറ്റുള്ളവരെ കേള്‍ക്കാന്‍ മോദിയ്ക്ക് ധൈര്യമില്ലെന്നും ഇത്രയും കാലം മോദിയുടെ മന്‍ കി ബാത്ത് മാത്രമാണ് ഉണ്ടായത്. അദ്ദേഹം സംസാരിക്കുകയും ജനങ്ങള്‍ കേള്‍ക്കുകയുമാണ് ചെയ്തത്. ഇന്ന് ജനങ്ങളില്‍ നിന്നുണ്ടാകുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മിണ്ടാതിരിക്കുന്നത് പരാജയസമ്മതമാണെന്നും രാജ്താക്കറെ വിമര്‍ശിച്ചു.

പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം മോദി നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തിന് ട്രോളുകളുടെ ഘോഷയാത്രയായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടൊന്നും മോദി ഒരക്ഷരം മിണ്ടിയിരുന്നില്ല. അമിത് ഷാ ആയിരുന്നു എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞത്. അമിത് ഷാ സംസാരിക്കുമ്പോള്‍ തൊട്ടരികിലിരുന്ന മോദി ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു. പാര്‍ട്ടി അധ്യക്ഷനാണ് നമുക്കെല്ലാം എന്നാണ് മോദി മാധ്യമപ്രവര്‍ത്തകരോട് മറുപടി പറഞ്ഞത്.

teevandi enkile ennodu para