സംസ്ഥാനത്ത് മഴ ശക്തമാകും; 7 ജില്ലകളില്‍ യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദേശം

Jaihind Webdesk
Monday, June 19, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പു‍ഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഒരിടവേളക്കുശേഷം കാലവർഷം വീണ്ടും സജീവമാവുകയാണ്. അടുത്ത 3 മണിക്കൂറിൽ എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കടൽ പ്രക്ഷുബ്‌ധമാകാനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. ജൂൺ 22 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

മത്സ്യത്തൊഴിലാളി  ജാഗ്രത നിര്‍ദേശം

കേരള – കർണ്ണാടക-ലക്ഷദ്വീപ്  തീരങ്ങളിൽ  മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജൂണ്‍ 18 മുതല്‍ 22 വരെ കേരള – കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

കാറ്റിന് സാധ്യ; പ്രത്യേക ജാഗ്രതാ നിർദേശം

ജൂണ്‍ 18 മുതല്‍ 22 വരെ ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം അതിനോട് ചേർന്നുള്ള കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

ഇന്ന് വടക്ക് തമിഴ്നാട് തീരം, തെക്ക് ആന്ധ്രാപ്രദേശ് തീരം, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്കുകിഴക്കൻ – തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.