കലിതുള്ളി പേമാരി; ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, 22 മരണം, ഇന്ന് മാത്രം 13 മരണം

Jaihind Webdesk
Friday, August 9, 2019

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 22 ആയി. വിവിധ ജില്ലകളിലായി ഇന്ന് മാത്രം 12 പേരാണ് മരിച്ചത്. ശക്തമായ മഴയെ തുടര്‍ന്ന് വടക്കന്‍ ജില്ലകളില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും. സംസ്ഥാനത്ത് ആകെ 315 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 5936 കുടുംബങ്ങളിലെ 22,165 പേർ ഈ ക്യാമ്പുകളിലുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ കൂടുതൽ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും.

വയനാട് മേപ്പാടി പുത്തുമലയിൽ ഉരുൾപൊട്ടലിനെ തുടര്‍ന്ന് നാല്‍പതോളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്.  കാണാതായവരിൽ നാലുപേരുടെ മൃതദേഹം കണ്ടെടുത്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും കോഴിക്കോട് ജില്ലയില്‍ നാല് മരണം. മൂന്ന് പേരെ കാണാതായിട്ടുണ്ട്.

മലപ്പുറം എടവണ്ണയിൽ വീട് തകർന്ന് നാലുപേരും കുറ്റ്യാടിയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേരും ഇരിട്ടിയിൽ വെള്ളക്കെട്ടിൽ വീണ് ഒരാളും മരിച്ചു. കുറ്റ്യാടി വളയന്നൂർ ഒഴുക്കില്‍പ്പെട്ട രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു.

മഴ ശക്തമായി തുടരുന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വിവിധ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. ട്രെയിന്‍-വ്യോമ ഗതാഗതവും തടസപ്പെട്ടു. ട്രാക്കില്‍ മരം വീണതിനെ തുടർന്ന് ആലപ്പുഴ-എറണാകുളം സെക്ഷനില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. റണ്‍വേയില്‍ വെള്ളം കയറിയതിനാല്‍ നെടുമ്പാശേരി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിവരെ നിര്‍ത്തിവെച്ചു.