പ്രളയത്തിൽ വിറങ്ങലിച്ച് കേരളം; മരണം 60 കടന്നു; 50ലേറെ പേരെ കാണാതായി; 3 ജില്ലയിൽ റെഡ് അലർട്ട്

Jaihind Webdesk
Sunday, August 11, 2019

സംസ്ഥാനത്ത് മഴ തുടരുമെങ്കിലും വരും ദിവസങ്ങളിൽ ശക്തി കുറയുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കൻ കേരളത്തിൽ ഇന്നും ജാഗ്രതാനിർദേശം. നാളെ മുതൽ ബുധനാഴ്ച വരെ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴയ്ക്കു ശക്തി കുറയാനാണു സാധ്യത.

എന്നാല്‍ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചിരിക്കുന്നത്. ജില്ലയിൽ 19 പേരുടെ ജീവനാണ് മഴക്കെടുതിയിൽ പൊലിഞ്ഞത്. കോഴിക്കോട് 14, വയനാട് 10, കണ്ണൂർ അഞ്ച്, ഇടുക്കി നാല്, തൃശ്ശൂർ മൂന്ന്, ആലപ്പുഴ രണ്ട് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മരണസംഖ്യ.

സംസ്ഥാനത്തടക്കം 1318 ദുരിതാശ്വാസ ക്യാമ്പുകളിലായി 46,400 കുടുംബങ്ങളിലെ ഒന്നരലക്ഷത്തിലധികം പേരാണ് കഴിയുന്നത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ ക്യാമ്പുകളിൽ കഴിയുന്നത്. ശക്തമായ മഴയിലും കാറ്റിലും മലവെള്ളപ്പാച്ചിലിലും വെള്ളക്കെട്ടിലും പെട്ട് സംസ്ഥാനത്താകെ 200 ഓളം വീടുകൾ പൂർണമായും രണ്ടായിരത്തിലധികം വീടുകൾ ഭാഗികമായും തകർന്നതായി അധികൃതർ വ്യക്തമാക്കുന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. എന്നാല്‍ വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204 മില്ലിമീറ്ററിൽ കൂടുതൽ മഴയ്ക്കാണു സാധ്യത. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 6.22 അടി കൂടി ഉയർന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ നേരിയ കുറവ് രേഖപ്പെടുത്തി. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 128 അടി കവിഞ്ഞത് ആശങ്ക ഉയർത്തുന്നു.

എറണാകുളം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. തെക്കൻ ജില്ലകളിൽ കനത്ത മഴക്ക് സാധ്യതയില്ല. ബംഗാൾ ഉൾക്കടലിൽ തിങ്കളാഴ്ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ കേരളത്തിൽ ഇതു മൂലം മഴ ശക്തമാകില്ലെന്നാണ് വിലയിരുത്തലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.