കേരളം ദുരിതത്തില്‍; മുഖ്യമന്ത്രി എവിടെ? ദുരന്തബാധിതരും സോഷ്യല്‍ മീഡിയയും ചോദിക്കുന്നു

Jaihind Webdesk
Sunday, August 11, 2019

സംസ്ഥാനത്ത് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 76 ആയി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചിരിക്കുന്നത്. 19 പേരുടെ ജീവനാണ് മഴക്കെടുതിയില്‍ പൊലിഞ്ഞത്. കോഴിക്കോട് 14, വയനാട് 10, കണ്ണൂര്‍ അഞ്ച്, ഇടുക്കി നാല്, തൃശ്ശൂര്‍ മൂന്ന്, ആലപ്പുഴ രണ്ട് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മരണസംഖ്യ. കവളപ്പാറയിലും പുത്തുമലയിലും മലയിടിച്ചിലില്‍ കാണാതായവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഇനിയും പുറത്തെത്താനുണ്ട്.

കേരളം കണ്ട മഹാദുരന്തത്തില്‍ നിന്ന് കരകയറുന്നതിന് മുമ്പുതന്നെയാണ് മലയാളികള്‍ മറ്റൊരു ദുരന്തമുഖത്തേക്ക് പതിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തവണയുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി എത്രയെന്ന് തിട്ടപ്പെടുത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സഹായം എത്തിക്കുന്നതിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുയാണെന്ന വിമര്‍ശനം ശക്തമാകുകയാണ്. കേരളത്തിലുണ്ടായ ദുരന്തത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ചയുണ്ടായതായി ആരോപണമുണ്ട്. കഴിഞ്ഞതവണയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയുണ്ടാകാനിടയുള്ള മഴയുടെ അളവിലോ ഉരുള്‍പൊട്ടലിന്റെ മുന്നറിയിപ്പോ നല്‍കിയിരുന്നില്ലെന്ന് ദുരിതബാധിതര്‍ പരാതിപ്പെടുന്നുണ്ട്. ദുരന്തം സംഭവിച്ചിട്ടും കവളപ്പാറയിലും പുത്തുമലയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സഹായ ഹസ്തങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും എത്താന്‍ ദിവസങ്ങളുടെ കാലതാമസമുണ്ടായി എന്നത് വ്യക്തമാണ്. മാധ്യമങ്ങള്‍ എത്തി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷം മാത്രമാണ് ഒന്നെത്തി നോക്കാന്‍ പോലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നിട്ടും ആദ്യഘട്ടത്തില്‍ കാണാതായവരുടെ എണ്ണം എത്രയെന്ന കാര്യത്തില്‍ ഭരണകൂടത്തിന് വ്യക്തതയുണ്ടായിരുന്നില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ വാര്‍ത്താസമ്മേളനങ്ങളില്‍ മാത്രം ഒതുങ്ങുതായ ആക്ഷേപവും ശക്തമാണ്. വാര്‍ത്താസമ്മേളനത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് വാചാലമാകുമ്പോഴും സഹായമെത്തേണ്ടവരുടെ കൃത്യമായ കണക്കുകള്‍ സര്‍ക്കാരിന് അന്യമാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടതാണ്. ദുരിതം കശക്കിയെറിഞ്ഞ വയനാട്ടില്‍ രാഹുല്‍ഗാന്ധി എം.പി സന്ദര്‍ശനം നടത്തിയിട്ടും മുഖ്യമന്ത്രി ഒരു പ്രളയമുഖത്തുപോലും എത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സുരക്ഷാ വിഷയം അവഗണിച്ചും മാവോയിസ്റ്റ് മേഖലയിലുള്‍പ്പെടെ രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തുകയാണ്. എങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രിയെവിടെ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്.

കഴിഞ്ഞതവണ നാടും നാട്ടുകാരും പ്രവാസികളും മലയാളികളെ അറിയുന്നവരും ദുരന്തത്തെക്കുറിച്ച് കേട്ടവരൊക്കെയും ചേര്‍ന്ന് പ്രളയത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയപ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സാധാരണത്തൊഴിലാളികളുടെയും വരുമാനത്തില്‍ നിന്നും പിരിവ് നടത്തിയിട്ടും അവസാനം അവരൊയൊക്കെ അവഗണിച്ച് ചില പ്രത്യേക സംഘടനകളും അതിന്റെ നേതാക്കളും മാത്രം മലയാളികളെ രക്ഷിച്ചതിന്റെ ക്രെഡിറ്റ് കരസ്ഥമാക്കിയെന്ന ആക്ഷേപവും ശക്തമാണ്. അതുകൊണ്ടുതന്നെ ഇത്തവണ സഹായഹസ്തമെത്താന്‍ കാലതാമസമുണ്ടായി എന്നത് ഒരു വസ്തുതയാണ്.

സംസ്ഥാനത്തടക്കം 1318 ദുരിതാശ്വാസ ക്യാമ്പുകളിലായി 46,400 കുടുംബങ്ങളിലെ 1,65,519 പേരാണ് കഴിയുന്നത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പുകളില്‍ കഴിയുന്നത്. ശക്തമായ മഴയിലും കാറ്റിലും മലവെള്ളപ്പാച്ചിലിലും വെള്ളക്കെട്ടിലുംപെട്ട് സംസ്ഥാനത്താകെ 198 വീടുകള്‍ പൂര്‍ണമായും 2303 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി റിപ്പോര്‍ട്ട്.