എസ്എഫ്ഐയുടെ പങ്ക് ‘ശ്രദ്ധയില്‍പ്പെട്ടിട്ടില്ല’; രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ മുഖ്യമന്ത്രി

Jaihind Webdesk
Sunday, July 17, 2022

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി. ആക്രമണത്തിന് പിന്നില്‍ ഭരണകക്ഷിയില്‍പ്പെട്ട വിദ്യാര്‍ത്ഥി സംഘടനയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിനാണ് നിയമസഭയില്‍ മുഖ്യമന്ത്രി ‘ശ്രദ്ധയില്‍പ്പെട്ടിട്ടില്ല’ എന്ന് മറുപടി നല്‍കിയത്.

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അക്രമിച്ച സംഭവം അപലപനീയമെന്നാണ് മുഖ്യമന്ത്രി സ്വീകരിച്ച നിലപാട്. സംഭവത്തില്‍ 29 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് പുറത്തായതോടെ സംസ്ഥാന നേതൃത്വം ഇടപ്പെട്ടു. എസ്എഫ്‌ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. എന്നാല്‍ എസ്എഫ്‌ഐയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി നിയമസഭയില്‍ സ്വീകരിച്ചത്. എസ്എഫ്‌ഐ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ഭരണകക്ഷിയില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത് ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സ്വര്‍ണ്ണക്കടത്ത് പോലുള്ള സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്ന വിഷയങ്ങളില്‍ ‘ശ്രദ്ധയില്‍പ്പെട്ടിട്ടില്ല’ എന്ന വാക്കാണ് മുഖ്യമന്ത്രി പലപ്പോഴും സഭയില്‍ ആവര്‍ത്തിക്കുന്നത്. ഇത്തരം സംഭവങ്ങളൊന്നും ശ്രദ്ധയില്‍പ്പെടുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധ ഒന്ന് ശ്രദ്ധിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പരിഹസിച്ചിരുന്നു. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് തകര്‍ത്ത സംഭവത്തില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി സൂചിപ്പിക്കുന്നത്.