രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഔദ്യോഗിക തീരുമാനം നാളെ; സി.പി.എമ്മിന് പരാജയഭീതിയെന്ന് രമേശ് ചെന്നിത്തല

രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഒദ്യോഗിക തീരുമാനം നാളെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത്സരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ സി.പി.എമ്മിന് ആശങ്കയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് വീണ്ടും കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല
പ്രഖ്യാപനം എത്രയും പെട്ടെന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ്. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിച്ചാൽ ഇതിന്‍റെ തരംഗം തെക്കെ ഇന്ത്യയിലുണ്ടാകുമെന്നും രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കേരള ജനതയ്ക്ക് ലഭിച്ച സുവർണാവസരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബി.ജെ.പിയെ വിമർശിക്കുന്നതിനെക്കാൾ ശക്തമായി മുഖ്യമന്ത്രി രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെ വിമർശിക്കുന്നത് പരാജയഭീതി മൂലമാണ്. മുഖ്യമന്ത്രിയുടേത് അവസരവാദപരമായ നിലപാടാണെന്നും വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെ പിൻവലിക്കാൻ സി.പി.എം തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

സി.പി.എമ്മിനും ബി.ജെ.പിക്കും വിറളി പൂണ്ടിരിക്കുകയാണെന്നും കേരളത്തിൽ 20 സീറ്റും കോൺഗ്രസ് തൂത്തുവാരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല.

Ramesh Chennithalarahul gandhi
Comments (0)
Add Comment