ലോക്ഡൗണ്‍: അമേഠിയിലെ ജനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ സഹായം; അവശ്യവസ്തുക്കള്‍ എത്തിച്ചുനല്‍കി

Jaihind News Bureau
Wednesday, April 1, 2020

ലോക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന അമേഠിയിലെ ജനങ്ങള്‍ക്ക് സഹായവുമായി രാഹുല്‍ ഗാന്ധി. ഗോതമ്പും അവശ്യസാധനങ്ങളും അദ്ദേഹം ട്രക്കുകളില്‍ എത്തിച്ചുനല്‍കി. അമേഠിയിലെ ജനങ്ങളോടുള്ള രാഹുല്‍ ഗാന്ധിയുടെ ഉത്തരവാദിത്തങ്ങള്‍ അദ്ദേഹം മറന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദീപക് സിങ് പറഞ്ഞു.

അതേസമയം തന്‍റെ മണ്ഡലമായ വയനാടിനും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അദ്ദേഹം നിരവധി സഹായങ്ങള്‍ ചെയ്തിരുന്നു. മണ്ഡലത്തിലേക്ക് 20000 മാസ്ക്, 1000 ലിറ്റർ സാനിറ്റൈസർ, 50 തെർമല്‍ സ്കാനറുകള്‍ എന്നിവ രാഹുൽഗാന്ധി  നൽകി. ഇവയില്‍ മലപ്പുറം ജില്ലയിലേക്കുള്ള സാമഗ്രികൾ എ പി അനിൽ കുമാർ എംഎൽഎ ജില്ലാ കളക്ടർ ജാഫർ മാലിക്കിന് കൈമാറി.

30 തെര്‍മല്‍ സ്കാനറുകള്‍ വയനാട് മണ്ഡലത്തില്‍ രാഹുൽ ഗാന്ധി എം.പി നേരത്തെ എത്തിച്ചിരുന്നു.ഒപ്പം സ്‌കാനറുകളില്‍ 10 എണ്ണം വീതം കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും കൈമാറി.  കൊവിഡ് 19ന്‍റെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ രാഹുൽ ഗാന്ധി വയനാട്, കോഴിക്കോട്, മലപ്പുറം കളക്ടര്‍മാരെ ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകൾക്കും രാഹുൽ ഗാന്ധിയുടെ സഹായമെത്തിയത്. കഴിഞ്ഞ പ്രളയകാലത്ത് വയനാടൻ ജനതയ്ക്ക് കൈത്താങ്ങായി 5000 കിലോ അരിയും മറ്റ് അവശ്യവസ്തുക്കളും അദ്ദേഹം എത്തിച്ചിരുന്നു.