രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസില്‍; അനുഗമിച്ച് നേതാക്കളും പ്രവർത്തകരും; പോലീസ് കയ്യേറ്റം

Jaihind Webdesk
Monday, June 13, 2022

ന്യൂഡല്‍ഹി: മോദി സർക്കാരിന്‍റെ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായി ചുമത്തിയ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡി ഓഫീസില്‍ എത്തി രാഹുല്‍ ഗാന്ധി. നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ കാൽനടയായിട്ടാണ് രാഹുല്‍ ഗാന്ധി എത്തിയത്. അതേസമയം നേതാക്കള്‍ക്കെതിരെ പോലീസ് കയ്യേറ്റവും അതിക്രമവും ഉണ്ടായി.

കോണ്‍ഗ്രസ് പ്രകടനത്തിന് വിലക്കേർപ്പെടുത്തിയ പോലീസ് അക്ബര്‍ റോഡ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പോലീസ് നിയന്ത്രണം വകവെക്കാതെ നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളും രാഹുലിന് പിന്തുണയായി സ്ഥലത്ത് എത്തിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകരെ ഉള്‍പ്പെടെ ഇഡി ഓഫീസിലേക്ക് കടത്തിവിട്ടില്ല. ഒപ്പമെത്തിയ പ്രവര്‍ത്തകരെയും നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത നേതാക്കളെ തുഗ്ലക്ക് റോഡ് സ്‌റ്റേഷനിലേക്ക് മാറ്റി. നേതാക്കള്‍ക്കെതിരെ പോലീസ് ബലപ്രയോഗവും കയ്യേറ്റവും ഉണ്ടായി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപിക്ക് നേരെ പോലീസ് കയ്യേറ്റമുണ്ടായി.

ഇല്ലാത്ത കേസ് ഉണ്ടാക്കി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണു​ഗോപാല്‍ എംപി പറ‍ഞ്ഞു. പോലീസ് സംഘര്‍ഷാവസ്ഥ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.  കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കോണ്‍ഗ്രസിനും നെഹ്റു കുടുംബത്തിനുമെതിരെ പകപോക്കലിന്‍റെ ഭാഗമായാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ കേസെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ ചൂണ്ടിക്കാട്ടി.