വയനാടിന് രാഹുല്‍ ഗാന്ധിയുടെ കരുതല്‍; സമൂഹ അടുക്കളയിലേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ എത്തി

Jaihind News Bureau
Wednesday, April 8, 2020

വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ സമൂഹ അടുക്കളയിലേക്ക് രാഹുല്‍ ഗാന്ധി എം.പി വാങ്ങി നല്‍കിയ ഭക്ഷ്യസാധനങ്ങള്‍ എത്തി. ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയും ചേര്‍ന്ന് സാധനങ്ങള്‍ ഏറ്റുവാങ്ങി. സമൂഹ അടുക്കളകളിലേക്ക് 13,000 കിലോ അരിയും സാധനങ്ങളും സ്വന്തം നിലയില്‍ രാഹുല്‍ ഗാന്ധി വാങ്ങി നല്‍കുകയായിരുന്നു. ഓരോ സാമൂഹിക അടുക്കളയ്ക്കും 500 കിലോ അരി, 50കിലോ കടല, 50കിലോ പയര്‍ എന്നിങ്ങനെ വിതരണം ചെയ്യും.

വണ്ടൂർ നിയോജക മണ്ഡലത്തിലേക്ക്‌ ലഭിച്ച ഭക്ഷ്യ ധാന്യങ്ങൾ  വണ്ടൂർ ബി.ഡി.ഒ. എ.ജെ.സന്തോഷ്‌, കാളിക്കാവ്‌ ബി.ഡി.ഒ. പി.കേശവദാസ്‌ എന്നിവർക്ക്‌ എ.പി.അനിൽകുമാർ എം.എൽ.എ കൈമാറി. നിലമ്പൂരിൽ ഡി.സി.സി പ്രസിഡന്‍റ് വി.വി പ്രകാശും ഏറനാട്‌ പി.കെ.ബഷീർ എം.എൽ.എ യും വിതരണോദ്ഘാടനം നിർവ്വഹിച്ചു.

കൊവിഡ്  പ്രതിരോധപ്രവർത്തങ്ങളുടെ ഭാഗമായി മലപ്പുറം ,കോഴിക്കോട് ,വയനാട് ജില്ലകളിലെ വിവിധ ആശുപത്രികളിൽ വെന്‍റിലേറ്റർ,  ഐസിയു  അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് രാഹുൽ ഗാന്ധി എം .പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 270.60ലക്ഷം രൂപ അനുവദിച്ചിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ് , മഞ്ചേരി മെഡിക്കൽ കോളേജ് , മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ വെന്‍റിലേറ്റർ , ഐസിയു ക്രമീകരണം , കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനായാണ് ഫണ്ട് വകയിരുത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിന് 25 ലക്ഷം, മഞ്ചേരി മെഡിക്കൽ കോളേജിന് 145.60 ലക്ഷം, വയനാട് ജില്ലാ ആശുപത്രിയിക്ക് 100 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്.

അതേസമയം വയനാട് നിയോജക മണ്ഡലത്തിലേക്ക്  20000 മാസ്ക്, 1000 ലിറ്റർ സാനിറ്റൈസർ, 50 തെർമല്‍ സ്കാനറുകള്‍ എന്നിവ രാഹുൽഗാന്ധി നേരത്തെ കൈമാറിയിരുന്നു. 30 തെര്‍മല്‍ സ്കാനറുകള്‍ വയനാട് മണ്ഡലത്തില്‍ രാഹുൽ ഗാന്ധി എം.പി നേരത്തെ എത്തിച്ചിരുന്നു.ഒപ്പം സ്‌കാനറുകളില്‍ 10 എണ്ണം വീതം കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും കൈമാറി.  കൊവിഡ് 19ന്‍റെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ രാഹുൽ ഗാന്ധി വയനാട്, കോഴിക്കോട്, മലപ്പുറം കളക്ടര്‍മാരെ ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകൾക്കും രാഹുൽ ഗാന്ധിയുടെ സഹായമെത്തിയത്. കഴിഞ്ഞ പ്രളയകാലത്ത് വയനാടൻ ജനതയ്ക്ക് കൈത്താങ്ങായി 5000 കിലോ അരിയും മറ്റ് അവശ്യവസ്തുക്കളും അദ്ദേഹം എത്തിച്ചിരുന്നു.