രാഹുലിന്റെ ട്വിറ്റര്‍ ഫോളോവേഴ്സ് ഒരു കോടി കവിഞ്ഞു; ആഘോഷിച്ചത് അമേഠിയില്‍

Jaihind Webdesk
Wednesday, July 10, 2019

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് ട്വിറ്ററില്‍ ഫോളോവേഴ്സിന്റെ എണ്ണം ഒരു കോടി കവിഞ്ഞു. ഈ നാഴികക്കല്ല് പിന്നിട്ട ദിവസം അമേഠിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു രാഹുല്‍ഗാന്ധി. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ അമേഠി സന്ദര്‍ശനം ആവേശമാക്കി പ്രവര്‍ത്തകര്‍. ഉച്ചയോട് കൂടി അമേഠിയിലെത്തിയ രാഹുല്‍ ഗാന്ധിക്ക് മികച്ച സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.

തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള ഔദ്യോഗിക യോഗങ്ങളില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. അമേഠിയിലെ രാഷ്ടീയ സാഹചര്യങ്ങളും ഭാവിയില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇന്നത്തെ കൂടിക്കാഴ്ചകളില്‍ ചര്‍ച്ച ആയി. വീണ്ടും അമേഠിയില്‍ എത്തിയതില്‍ താന്‍ സന്തുഷ്ടനാണെന്നും. അമേഠിയില്‍ എത്തുന്നത് സ്വന്തം വീട്ടില്‍ എത്തുന്ന പ്രതീതി ആണ് ഉണ്ടാക്കുന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

രാഹുല്‍ഗാന്ധി തന്നെയാണ് ഫോളോവേഴ്സിന്റെ എണ്ണം ഒരു കോടി കവിഞ്ഞതായി അറിയിച്ചത്. ഓരോരുത്തരോടും ഇതിനു നന്ദി പറയുന്നതായും രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള ഇന്ത്യന്‍ രാഷ്ട്രീയ നേതാവ്. നാലു കോടി എണ്‍പതു ലക്ഷം ഫോളോവേഴ്സാണ് മോദിക്കുള്ളത്.