രശ്മിയുടെ ആരോപണം നിഷേധിച്ച് രഹന ഫാത്തിമ

Jaihind Webdesk
Friday, October 19, 2018

ശബരിമല പ്രവേശനം സംബന്ധിച്ച് രശ്മി നായരുടെ ആരോപണം നിഷേധിച്ച് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. തനിക്ക് ബി.ജെ.പി നേതാവ് കെ സുരേന്ദ്രനുമായി ബന്ധമുണ്ടെന്നും സുരേന്ദ്രനെ താൻ മംഗലാപുരത്ത് കണ്ടെന്നും അതിന് അവർക്ക് നേരിട്ട് അറിവുണ്ടെന്നുമെല്ലാം രശ്മി പറയുന്നതു നുണയാണെന്ന് രഹന വ്യക്തമാക്കി.

രണ്ട് വർഷം മുൻപ് കെ.സുരേന്ദ്രൻ ഫെയ്‌സ്ബുക്കിൽ ശബരിമലയിലെ യുവതീപ്രവേശത്തെ അനുകൂലിച്ചു പോസ്റ്റിട്ടിരുന്നു. ഇത് തന്‍റെ സുഹൃത്തുക്കളാരോ തന്നെ ടാഗ് ചെയ്തിരുന്നു. തന്‍റെ നിലപാട് സമാനമായതിനാൽ അന്ന് ടാഗ് ആക്‌സപ്റ്റ് ചെയ്തിരുന്നു. ഇതു മാത്രമാണു കെ സുരേന്ദ്രനുമായി തനിക്കുള്ള പരിചയം. സെക്‌സ് റാക്കറ്റ് കേസിൽ രശ്മിയും രാഹുൽ പശുപാലനും അറസ്റ്റിലായപ്പോൾ അവർക്കെതിരെ മൊഴി നൽകിയതിലുള്ള പകപോക്കലാണ് ഇതെന്നും രഹ്ന പറയുന്നു.

വെള്ളിയാഴ്ച രാവിലെ ശബരിമലദർശനത്തിനെത്തിയ രഹ്നയ്‌ക്കെതിരെ വൻപ്രതിഷേധമാണുയർന്നത്. നടപ്പന്തൽ വരെ എത്തിയെങ്കിലും നടിയും മോഡലുമായ രഹ്നയ്ക്കു പ്രതിഷേധത്തെ തുടർന്ന് തിരികെ പോരേണ്ടി വന്നിരുന്നു. നടപ്പന്തലിലെത്തിയ ഇവരെ വിശ്വാസികൾ തടഞ്ഞതോടെയാണ് ഇവർക്ക് മടങ്ങേണ്ടി വന്നത്.