റഫാല്‍: മോദി-അനില്‍ അംബാനി കൂട്ടുകെട്ടിന് വീണ്ടും തിരിച്ചടി; കൂടുതല്‍ രേഖകള്‍ പുറത്ത്

Friday, November 2, 2018

റഫാല്‍ ഇടപാടില്‍ മോദി-അനില്‍ അംബാനി ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത്. പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദത്തില്‍ പെട്ടിരിക്കുന്ന അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പും ഡാസോ ഏവിയേഷനും തമ്മിലുണ്ടായ മറ്റൊരു ഇടപാടു കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

അനില്‍ അംബാനിയുടെ നഷ്ടത്തിലായിരുന്ന റിലയന്‍സ് എയർപോർട്ട് ഡെവലപ്പേഴ്സ് ലിമിറ്റിഡില്‍ ഡാസോ 40  മില്യണ്‍ യൂറോ നിക്ഷേപിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. റഫാല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷമുണ്ടായ ഈ ഇടപാടിലൂടെ നഷ്ടത്തിലായിരുന്ന ആർ.എ.ഡി.എൽ 284 കോടി രൂപ ലാഭമുണ്ടാക്കിയതായും ‘ദ വയര്‍’ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട്

ഡാസോയുടെ നിക്ഷേപത്തോടെ നഷ്ടത്തിലായ കമ്പനി ലാഭത്തിലേക്ക് കുതിച്ചുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. വിമാനത്താവങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കിക്കൊടുക്കുന്ന കമ്പനിക്ക് 2009 ൽ മഹാരാഷ്ട്ര സർക്കാർ 63 കോടി രൂപയുടെ വിമാനത്താവള വികസന കരാർ നൽകിയിരുന്നു. എന്നാൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തരായ മഹാരാഷ്ട്ര എയർപോർട് ഡെവലപ്മെന്‍റ് കൗൺസിൽ ആർ.എ.ഡി.എല്ലിൽ നിന്ന് വിമാനത്താവളങ്ങളുടെ ചുമതല തിരികെയെടുക്കാൻ ആലോചിക്കുകയായിരുന്നു. എന്നാൽ 2015 ഏപ്രിലിലെ റഫാല്‍ കരാറിന് ശേഷം, റിലയൻസ് എയ്റോസ്ട്രക്ചറിന്‍റെ അപേക്ഷപ്രകാരം നാഗ്പുരിൽ അവർക്ക് 289 ഏക്കർ സ്ഥലം കൗൺസിൽ അനുവദിക്കുകയായിരുന്നു.

റഫാല്‍ ഇടപാടിലെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും ഓരോ ദിവസവും കടുത്ത വിഷമവൃത്തത്തിലാക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ മാനദണ്ഢങ്ങളും അട്ടിമറിച്ചുകൊണ്ടാണ് റഫാല്‍ കരാര്‍ ഒപ്പുവെച്ചത്. ഇത് അനില്‍ അംബാനിക്ക് വേണ്ടിയായിരുന്നു എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്‍റെയും ആരോപണം പൂര്‍ണമായും സാധൂകരിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.