ജോണ്‍ ബ്രിട്ടാസ് അഭിനയിച്ച ‘വെള്ളിവെളിച്ചത്തില്‍’ സിനിമയെക്കുറിച്ചടക്കം അന്വേഷിക്കണമെന്ന് പി.ടി തോമസ്; ‘ഉന്നതരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് തന്‍റെ രഹസ്യങ്ങള്‍ പുറത്തുവരുമെന്ന ഭയത്താല്‍’

Jaihind News Bureau
Monday, July 13, 2020

 

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് അഭിനയിച്ച ‘വെള്ളിവെളിച്ചത്തില്‍’ എന്ന സിനിമയെക്കുറിച്ചും എന്‍ഐഎ അന്വേഷണം വേണമെന്ന് പി.ടി തോമസ് എംഎല്‍എ. പൂര്‍ണമായും വിദേശത്ത് ചിത്രീകരിച്ച സിനിമയുടെ സാമ്പത്തിക ഉറവിടത്തെക്കുറിച്ചും ചിത്രീകരണത്തെക്കുറിച്ചും  വിശദമായ അന്വേഷണം നടത്തണം. ജോണ്‍ ബ്രിട്ടാസിന് കൊച്ചി മരടില്‍ ഉണ്ടായിരുന്ന ഫ്‌ളാറ്റുകളെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഉന്നതരുടെ വിദേശയാത്രകളെകുറിച്ചും  സമ്പത്തിനെക്കുറിച്ചും അന്വേഷിക്കണം. തന്ത്രപ്രധാനമായ സ്ഥാനങ്ങള്‍ വഹിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സംബന്ധിച്ചും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലടക്കം പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കാത്തത് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ദിവസവും പുറത്തുവരുന്നത്. ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷമുണ്ടായിട്ടും തന്‍റെ  മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമാരുന്ന ശിവശങ്കറിനെതിരെ അന്വേഷണം പ്രഖ്യാപിക്കാനോ നടപടി എടുക്കാനോ മുഖ്യമന്ത്രി തയ്യാറാകാത്തത് തന്റെ പല രഹസ്യങ്ങളും പുറത്തുവരുമെന്ന ഭയം കൊണ്ടാണെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

കേരളത്തിലെ ഒരു മുഖ്യമന്ത്രി തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പുറത്താക്കിയത് കേട്ടുകേഴ്വിയില്ലാത്തതാണ്. എന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉന്നത ഉദ്യോഗസ്ഥരെ ഭയന്ന് കഴിയുകയാണ് മുഖ്യമന്ത്രി. കേരള പൊലീസിനെ അദ്ദേഹം നിര്‍വീര്യമാക്കി. ജനങ്ങളുടെ ഇടയില്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം അവമതിപ്പുണ്ടാക്കിയെന്നും അദ്ദേഹം എത്രയും വേഗം രാജിവച്ചൊഴിയണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.