ചികിത്സ പിഴവ് മൂലം രോഗി മരിച്ച സംഭവത്തില്‍ സർക്കാർ അലംഭാവം; പ്രതിഷേധം ശക്തം

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറുടെ ചികിത്സ പിഴവ് മൂലം കോൺഗ്രസ്‌ പ്രവർത്തകനായ ബൈജു മരണപ്പെട്ട സംഭവത്തിൽ സർക്കാർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു. മരണം സംഭവിച്ചിട്ടു ഒരു മാസം പിന്നിട്ടിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതിൽ ആക്ഷൻ കമ്മിറ്റയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങുകയാണ് നാട്ടുകാർ.

പിത്താശയ സംബന്ധമായ അസുഖത്തെ തുടർന്നാണ് ചേമഞ്ചേരി സ്വദേശി ബൈജുവിനെ കഴിഞ്ഞ ഏപ്രിൽ 9 നു കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സര്‍ജറിക്കിടെ പിത്തരസം പുറത്തേക്കു പോകുന്നതിനുള്ള സ്റ്റണ്ട് ഇടാത്തതുമൂലം പിത്തരസം രക്തത്തിൽ കലർന്ന് ബൈജു മരണപ്പെടുകയായിരുന്നു. മരണം സംഭവിച്ചു ഒരു മാസം പിന്നിട്ടിട്ടും 6 പേർ അടങ്ങുന്ന കുടുംബത്തെ സഹായിക്കാനോ, കുറ്റക്കാർക്കെതിരെ നടപടി എടുക്കാനൊ സർക്കാർ തയ്യാറായിട്ടില്ല. 24 മണിക്കൂറിനകം നൽകുമെന്നു സൂപ്രണ്ട് ഉറപ്പു നൽകിയ മെഡിക്കൽ റിപ്പോർട്ട്‌ തയ്യാറാക്കാൻ രണ്ടു ആഴ്ച വേണ്ടി വന്നു. എന്നിട്ടും റിപ്പോർട്ട്‌ ബന്ധുക്കൾക്ക് നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. റിപ്പോർട്ട്‌ ലഭിക്കുന്നതിനായി വിവരവാകാട നിയമ പ്രകാരം അപേക്ഷ നൽകിയിരിക്കുകയാണ് ബന്ധുക്കൾ. സർക്കാരിന്‍റെ അവഗണക്കെതിരെ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് ദളിത്‌ ഫെഡറേഷന്‍റെ നേതൃത്വത്തിൽ ഉള്ള ആക്ഷൻ കമ്മിറ്റി.

സമരത്തിന്‍റെ ആദ്യപടിയായി കൊയിലാണ്ടി ചേമഞ്ചേരിയിൽ നടന്ന സായാഹ്‌ന ധർണയിൽ നിരവധി പേർ പങ്കെടുത്തു. മരണത്തിനു ഉത്തരവാദിയായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന്‍റെ സംരക്ഷണത്തിന് ഭാര്യക്ക് ജോലി നൽകണമെന്നും ഫെഡറേഷൻ ആവശ്യപെട്ടു. സർക്കാരിന്‍റെ ഭാഗത്തു നിന്നും നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി.

Comments (0)
Add Comment