കപില്‍ മിശ്രയുടെ സുരക്ഷ കലാപത്തിനു നല്‍കിയ പാരിതോഷികം: മുല്ലപ്പള്ളി രാമചന്ദ്രന്‍

47 പേരുടെ മരണം അരങ്ങേറിയ ഡല്‍ഹി കലാപത്തിന്‍റെ സൂത്രധാരകനും ബിജെപി നേതാവുമായ കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ നല്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഞെട്ടിപ്പിക്കുന്നതാണെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വിദ്വേഷ പ്രസംഗത്തിന് ഉടനടി ഇയാള്‍ക്കെതിരേ കേസ് എടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും അതു ചെയ്യാതെ ആറു സുരക്ഷാ ഉദ്യോസ്ഥരുടെ മുഴുവന്‍ സമയ സംരക്ഷണമാണ് കപില്‍ മിശ്രയ്ക്ക് നല്കിയിരിക്കുന്നത്. മുസ്ലീംകളെ കൊന്നൊടുക്കിയതിന് കേന്ദ്രസര്‍ക്കാര്‍ അരുണ്‍ മിശ്രയ്ക്ക് നല്കിയ പാരിതോഷികമാണിതെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കഗാന്ധിയുടെയും ഇസെഡ് കാറ്റഗരി സുരക്ഷ വെട്ടിച്ചുരുക്കിയ കേന്ദ്രസര്‍ക്കാരാണ് ഡല്‍ഹി കലാപത്തിന് നേതൃത്വം കൊടുത്ത കപില്‍ മിശ്രയെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുന്നത്.

ഷഹീന്‍ ബാദില്‍ പൗരത്വനിയമ ഭേദഗതി നിയമത്തിനെതിരേ വീട്ടമ്മമാര്‍ നടത്തുന്ന സമരത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ജഫ്രബാദില്‍ സ്ത്രീകള്‍ റോഡ് ഉപരോധിച്ച് സമരം തുടങ്ങിയപ്പോള്‍ ഇവരെ നീക്കാന്‍ പോലീസിന് മൂുന്നു ദിവസത്തെ അന്ത്യശാസനമാണ് കപില്‍ മിശ്ര നല്കിയത്. രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലണമെന്നും ജഫ്രബാദ് മറ്റൊരു ഷഹീന്‍ ബാദ് ആകരുതെന്നും കപില്‍ മിശ്ര ആഹ്വാനം ചെയ്തിരുന്നു. പൗരത്വനിയമത്തെ അനുകൂലിക്കുന്നവര്‍ ഞായറാഴ്ച വൈകുന്നേരം സംഘടിക്കണമെന്നും ഇയാല്‍ ട്വീറ്റ് ചെയ്തിരുന്നു. മിശ്രയുടെ പ്രസംഗം കഴിഞ്ഞ ഉടനേ ആയുധങ്ങളുമായി ഒരു സംഘമെത്തുകയും പ്രസംഗം വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സ്‌പെഷല്‍ ബ്രാഞ്ചും ഇന്‍റലിജന്‍സ് ബ്യൂറോയും ആറു തവണ മുറിയിപ്പ് നല്കിയിരുന്നു. കപില്‍ മിശ്ര നയിച്ച സമാധാനറാലിയില്‍ വരെ ഗോലി മാരോ മുദ്രാവാക്യമാണു മുഴങ്ങിയതെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

ഡല്‍ഹിയില്‍ മുസ്ലീംകള്‍ക്കെതിരേ നടന്ന കലാപത്തിലെ യഥാര്‍ത്ഥ പ്രതികളാരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കലാപത്തിന്‍റെ ഗൂഢാലോചനയിലേക്ക് അന്വേഷണം കടന്നിട്ടുപോലുമില്ലെന്നു മുല്ലപ്പള്ളി പറഞ്ഞു.

mullappally ramachandran
Comments (0)
Add Comment