സ്വർണക്കടത്തുകേസിൽ മുൻ മാനേജർമാരുടെ പങ്ക് തെളിഞ്ഞു; വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകടമരണത്തിൽ ദുരൂഹതയേറി

Jaihind Webdesk
Saturday, June 1, 2019

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുകേസിൽ മുൻ മാനേജർമാരുടെ പങ്ക് തെളിഞ്ഞതോടെ വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകടമരണത്തിൽ ദുരൂഹതയേറി. സ്വർണക്കടത്ത് അന്വേഷിക്കുന്ന ഡിആർഐ ഉദ്യോഗസ്ഥരിൽ നിന്ന് ക്രൈം ബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചു.

ബാലഭാസ്കറിന്‍റെ പ്രോഗ്രാം കോർഡിനേറ്ററായ പ്രകാശ് തമ്പിയെ ഡിആർഐ സ്വർണ്ണക്കടത്തിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതി വിഷ്ണുവാണ് ബാലഭാസ്കറിന്‍റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ബാലഭാസ്കറിന്‍റെ മരണത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് ബാലഭാസ്കറിന്‍റെ പിതാവ് നേരത്തെ ആരോപിച്ചിരുന്നു.  ഈ സാഹചര്യത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥരിൽ നിന്ന് ക്രൈം ബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചത്.

പാലക്കാടുള്ള ആശുപത്രി ഉടമയുടെ പേരിലും ബാലഭാസ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ സംശയം ഉന്നയിച്ചിരുന്നു. ഇവരുമായി വിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. പ്രകാശ് തമ്പിയും വിഷ്ണുവും ബാലഭാസ്കറിന്‍റെ പരിപാടികളുടെ കോർഡിനേഷൻ ജോലികൾക്കിടെ വിദേശയാത്രകൾ നടത്തിയിരുന്നതായാണ് ആരോപണം.

അപകടം നടന്ന ദിവസം എവിടെ എത്തി എന്ന് തിരക്കി ബാലഭാസ്കറിന്‍റെ ഫോണിലേക്ക് നിരന്തരം കോളുകൾ വന്നിരുന്നുവെന്നും അപകടത്തിന് ശേഷം ആശുപത്രിയിൽ ആദ്യം എത്തിയത് പ്രകാശ് തമ്പിയാണെന്നും ബന്ധുക്കൾ പറയുന്നു. ബാലഭാസ്കറിന്‍റെ നിക്ഷേപങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നത് സുഹൃത്തുക്കൾക്ക് ആയിരുന്നുവെന്നും പിതാവിന്‍റെ പരാതിയിലുണ്ട്.