വാക്ക് പാലിച്ച് പ്രിയങ്ക; ഉംഭ ഗ്രാമം സന്ദർശിച്ചു; ഭൂമി തർക്കത്തിന്‍റെ പേരിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി

Jaihind News Bureau
Wednesday, August 14, 2019

ഭൂമി തർക്കത്തിന്‍റെ പേരിൽ 10 ആദിവാസികളെ കൊലപ്പെടുത്തിയ സോൻഭദ്രയിലെ ഉംഭ ഗ്രാമത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തി.

ജൂലൈ 17നാണ് ഗ്രാമത്തലവനും കൂട്ടാളികളും നടത്തിയ വെടിവെപ്പിൽ 3 സ്ത്രീകളടക്കം പത്ത് ആദിവാസികൾ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പ്രിയങ്കയുടെ നിർദ്ദേശ പ്രകാരം നേരത്തെ പത്തു ലക്ഷം രൂപ വീതം കോൺഗ്രസ് കൈമാറിയിരുന്നു. പ്രതികളുമായി ഒത്തുകളിച്ച് കേസിൽ നടപടിയെടുക്കാൻ പോലീസ് വൈകുകയാണെന്ന് ഒരാഴ്ച മുമ്പ് സംസ്ഥാന സർക്കാരിന്‍റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയുടെ സന്ദർശനം.

ചുനാർ കോട്ടയിൽ കാണാൻ വന്ന ഉംഭ ഗ്രാമത്തിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങൾക്ക് അവരുടെ ഗ്രാമത്തിലേക്ക് ചെല്ലുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇന്ന് ഉംഭ ഗ്രാമത്തിലെ സഹോദരിമാർ-സഹോദരന്മാരെയും കുട്ടികളെയും കാണാൻ പോകുകയാണെന്നും പ്രിയങ്ക ഗാന്ധി നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു. അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാനും അവരുടെ പോരാട്ടത്തില്‍ പങ്കാളിയാകാനുമാണ് പോകുന്നതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.