എന്തൊക്കെയായിരുന്നു ! തൊഴിലവസരം… നല്ല ദിനങ്ങള്‍… കാര്‍ഷിക വിളകള്‍ക്ക് ഇരട്ടിവില… ഒടുവില്‍ മോദി സര്‍ക്കാരിന്‍റെ വാഗ്ദാനങ്ങള്‍ എല്ലാം കള്ളമാണെന്ന് തെളിഞ്ഞു : ജി.ഡി.പി ‘വളർച്ചയില്‍’ പ്രിയങ്കാ ഗാന്ധി

Jaihind News Bureau
Saturday, November 30, 2019

രാജ്യത്തിന്‍റെ ആഭ്യന്തര വളർച്ച 4.5 ലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെ മോദി സർക്കാരിന് രൂക്ഷ വിമർശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ബി.ജെ.പി സർക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം കള്ളമായിരുന്നു എന്ന് തെളിഞ്ഞതായും സാമ്പത്തിക നില ഭദ്രമാക്കുന്നതില്‍ ബി.ജെ.പി സർക്കാർ പരാജയപ്പെട്ടതായും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

‘വര്‍ഷംതോറും 2 കോടി പേര്‍ക്ക് തൊഴില്‍, കാര്‍ഷികവിളകള്‍ക്ക് ഇരട്ടിവില, നല്ല ദിനങ്ങള്‍, മേക്ക് ഇന്‍ ഇന്ത്യ, സാമ്പത്തിക വളർച്ച 5 ട്രില്യണ്‍… ഇതിലേതെങ്കിലും വാഗ്ദാനം നിറവേറ്റാന്‍ കഴിഞ്ഞോ ? ഇന്ന് രാജ്യത്തിന്‍റെ ആഭ്യന്തര വളര്‍ച്ച 4.5 ലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം കള്ളമായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു’ – പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ബി.ജെ.പി സര്‍ക്കാരിന്‍റെ ഭരണപരാജയം വളർച്ച ആഗ്രഹിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നശിപ്പിച്ചതായും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു.

രാജ്യത്തിന്‍റെ ആഭ്യന്തര വളർച്ചാ നിരക്ക് (ജി.ഡി.പി) 4.5 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം പാദ വളര്‍ച്ചാനിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് രാജ്യത്തിന്‍റെ ആഭ്യന്തരവളർച്ചാനിരക്ക് 4.5 ആയി ഇടിഞ്ഞതായി പറയുന്നത്. ജി.ഡി.പി കണക്കാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷം 2012 ആക്കിയതിന് ശേഷം സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിലയിലേക്കെത്തുന്നത് ഇത് ആദ്യമായാണ്. അഞ്ച് ശതമാനമായിരുന്നു ജൂണ്‍ വരെയുള്ള മൂന്ന് മാസത്തെ ആദ്യ പാദ സാമ്പത്തിക വളര്‍ച്ച.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ഓരോദിവസം കഴിയുന്തോറും കൂടുതല്‍ ഗുരുതരമാവുകയാണെന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഈ റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രതിസന്ധി പരിഹരിക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് മോദി സർക്കാർ. ധനമന്ത്രി നിർമല സീതാരാമനാകട്ടെ പത്രസമ്മേളനങ്ങള്‍ നടത്തി നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുക മാത്രമാണ് ചെയ്യുന്നത്. രാജ്യത്തെ ജി.ഡി.പി നിരക്ക് 4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തുമ്പോഴും സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കാനായി എന്ന് പറഞ്ഞൊഴിയാന്‍ മാത്രമേ ധനമന്ത്രിക്കും മോദി സർക്കാരിനും കഴിയുന്നുള്ളൂ എന്നതാണ് വസ്തുത.

രാജ്യത്തെ കാര്‍ഷിക, വ്യാവസായിക മേഖലകളെല്ലാം തന്നെ വന്‍ തകർച്ചയെ അഭിമുഖീകരിക്കുകയാണ്. നിരവധി വ്യവസായസ്ഥാപനങ്ങളാണ് രാജ്യത്ത് അടച്ചുപൂട്ടിയത്. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി. റിസർവ് ബാങ്കിന്‍റെ കരുതല്‍ ധനത്തില്‍ നിന്നുപോലും കടമെടുക്കുന്ന അവസ്ഥയിലേക്കായിരുന്നു രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയുടെ പോക്ക്. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി വന്‍ അപകടത്തിലേക്കാണ് നീങ്ങുന്നതെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നേരത്തെയും നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇനിയെങ്കിലും സർക്കാര്‍ ഉണർന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കരകയറാനാകാത്ത വലിയ പ്രതിസന്ധിയിലേക്കാകും രാജ്യം നീങ്ങുകയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു. അതേസമയം പ്രതിസന്ധിയെ മറികടക്കാന്‍ ഒന്നും ചെയ്യാനാകാത്ത ധനമന്ത്രി നിർമല സീതാരാമന്‍ സ്ഥാനം ഒഴിയണമെന്ന ആവശ്യവും ശക്തമാണ്.