പ്രിയങ്കാ ഗാന്ധി മുസഫർ നഗറില്‍ ആക്രമണത്തിനിരയായവരെ സന്ദർശിച്ചു ; ഒപ്പമുണ്ടെന്ന് പ്രിയങ്കാ ഗാന്ധിയുടെ ഉറപ്പ്

Jaihind News Bureau
Saturday, January 4, 2020

മുസഫർനഗർ : ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തർ പ്രദേശ് പോലീസ് ജനങ്ങളെ വേട്ടയാടുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. മുസഫർനഗറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന്‍റ പേരിൽ ആക്രമണത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചു. പൊലീസ് ക്രൂരമായി മര്‍ദിച്ച റുഖിയ പർവീണുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തി. വേദനയുടെ ഈ സമയത്ത് നിങ്ങള്‍ക്കൊപ്പം ഞാനുണ്ടെന്നും പ്രിയങ്കാ ഗാന്ധി ഉറപ്പ് നല്‍കി.

ഡിസംബർ 21 രാത്രിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് പൊലീസുകാർ റുഖിയയുടെ വീട് കയറി ആക്രമിച്ചത്. പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട നൂര്‍ മുഹമ്മദിന്‍റെ കുടുംബത്തേയും പൊലീസ് അറസ്റ്റ് ചെയ്ത മൗലാനാ ആസാദ് ഹുസൈനിയേയും പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർത്ഥികളേയും പ്രിയങ്കാ ഗാന്ധി സന്ദർശിച്ചു. ഗർഭിണിയെ പോലും പോലീസ് ക്രൂരമായി ആക്രമിച്ചെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കഴിഞ്ഞ ആഴ്ചകളിൽ പ്രതിഷേധങ്ങളിൽ പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും കുടുംബങ്ങളെ ലക്‌നൗവിലും ബിജ്നോറിലും എത്തി പ്രിയങ്കാ ഗാന്ധി സന്ദർശിച്ചിരുന്നു.

പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ ഉത്തർപ്രദേശ് പൊലീസ് എടുത്ത നടപടികള്‍ വലിയ വിമർശനമാണ് നേരിടുന്നത്. വീടുകളില്‍ അതിക്രമിച്ച് കയറിയാണ് പൊലീസ് പലയിടത്തും അക്രമങ്ങള്‍ നടത്തിയത്. പൊലീസ് അതിക്രമിച്ച് കയറിയ റുഖിയ പർവീന്‍റെ വീട് പ്രിയങ്കാ ഗാന്ധി സന്ദർശിച്ചു. കല്യാണം ഉറപ്പിച്ചിരുന്ന റുഖിയയുടെ വീട്ടില്‍ കടന്നുകയറിയ പൊലീസ് കല്യാണ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമടക്കം കവർന്നതായും ബന്ധുക്കള്‍ ആരോപിച്ചു. വടക്കന്‍ ഉത്തർപ്രദേശിലാണ് പ്രിയങ്കാ ഗാന്ധി സന്ദർശനം നടത്തിയത്. പൊലീസ് യാതൊരു കരുണയുമില്ലാതെ കുട്ടികളെയും സ്ത്രീകളെയും ഗർഭിണികളെ പോലും ആക്രമിച്ചു എന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

മീററ്റിലെ പ്രതിഷേധങ്ങളില്‍ പരിക്കേറ്റവരുടെ കുടുംബങ്ങളെയും പ്രിയങ്കാ ഗാന്ധി സന്ദർശിച്ചു. മീററ്റ് നഗരത്തിന് പുറത്താണ് പ്രിയങ്കാ ഗാന്ധിക്ക് പൊലീസ് അനുമതി നല്‍കിയത്. കഴിഞ്ഞ ആഴ്ച ലക്‌നൗവിലും ബിജ്നോറിലും എത്തിയ പ്രിയങ്കാ ഗാന്ധി പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു. പൊലീസിന്‍റെ പ്രവർത്തനങ്ങളില്‍ വന്ന വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് പ്രിയങ്കാ ഗാന്ധി നേരത്തെ യു.പി ഗവർണര്‍ ആനന്ദിബെന്‍ പട്ടേലിന് നിവേദനം അയച്ചിരുന്നു.