പ്രിയങ്കയും കെ.സിയും അമരത്തേക്ക്; യുവത്വം മുഖമുദ്രയാക്കി കോൺഗ്രസ്

B.S. Shiju
Wednesday, January 23, 2019

ലോക്‌സഭാ തെരെഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ പ്രിയങ്കാ ഗാന്ധി, കെ.സി വേണുഗോപാൽ എന്നിവരുടെ കോൺഗ്രസ് നേതൃത്വത്തിലേക്കുള്ള കടന്നുവരവിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്. അമിത്ഷാ – മോദി സഖ്യത്തിന് ഏറെ വെല്ലുവിളി ഉയരുന്ന തെരെഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് പ്രിയങ്ക ഗാന്ധിയെയും വേണുഗോപാലിനെയും നിർണായക പദവികളിൽ നിയമിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരെഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിന്‍റെ മുന്നേറ്റം ബി.ജെ.പി സംഘപരിവാർ ക്യാമ്പുകളെ ഞെട്ടിച്ചിരുന്നു. സംഘ സംസ്ഥാനമെന്ന് അറിയപ്പെട്ടിരുന്ന മധ്യപ്രദേശിൽ ഭരണം തിരിച്ചുപിടിച്ച കോൺഗ്രസ് ഇനി ഉത്തർ പ്രദേശാണ് ലക്ഷ്യം വെക്കുന്നത്.

ഉത്തർ പ്രദേശിൽ രാഹുലിന്‍റെയും സോണിയയുടെയും മണ്ഡലങ്ങളായ അമേത്തിയിലും റായ്ബറേലിയിലും സജീവ സാന്നിധ്യമായ പ്രിയങ്കയെ തന്നെയാണ് കിഴക്കൻ ഉത്തർ പ്രദേശിന്‍റെ ചുമതല ഏൽപിച്ച് കോൺഗ്രസ് നേതൃത്വം നിർണായക നീക്കം നടത്തിയത്. 2004ൽ സോണിയാ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചതിന്റെയും തുടർന്ന് 2007 ഉത്തർ പ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പു പ്രചാരണ ചുമതലയുണ്ടായിരുന്ന രാഹുൽ ഗാന്ധിയെയും സഹായിക്കാൻ ചുമതല ഉണ്ടായിരുന്ന പ്രിയങ്ക അതേ രാഷ്ട്രീയ പരിചയത്തിന്റെ പിൻബലം പേറിയാണ് ബി.ജെ.പിയുടെ നിലവിലെ തട്ടകമായ ഉത്തർപ്രദേശിലേക്ക് എത്തുന്നത്. 2007ൽ നിയമസഭാ തെരെഞ്ഞെടുപ്പിൽ 22 സീറ്റുകളാണ് കോൺഗ്രസിന് നേടാൻ കഴിഞ്ഞതെങ്കിൽ നിലവിൽ നടക്കുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധ തരംഗം മുതലെടുത്ത് പരമാവധി സീറ്റുകളിൽ ജയിക്കാനാവും കോൺഗ്രസിന്റെ ശ്രമം. അതിന്റെ ഭാഗമായി സംഘടന പ്രവർത്തനം ഊർജ്ജിതമാക്കാനാണ് ഉത്തർപ്രദേശിനെ കിഴക്കും പടിഞ്ഞാറുമായി തിരിച്ച് പ്രിയങ്കയ്ക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ചുമതല നൽകിയത്. ഉത്തർ പ്രദേശിനെ ബി.ജെ.പി ഭരണത്തിൽ നിന്നും മോചിപ്പിക്കുന്നതിനൊപ്പം പ്രചാരണചുമതല യുവനേതൃത്വത്തിന് നൽകി സംസ്ഥാനത്തെ യുവാസമൂഹത്തിന് കൃത്യമായ സന്ദേശം കൂടിയാണ് കോൺഗ്രസ് നൽകിയിട്ടുള്ളത്. ഇതിനു പുറമേ എസ്.പി – ബി.എസ്.പി കക്ഷികൾ മുന്നോട്ടുവെയ്ക്കുന്ന ഭീഷണി ഇല്ലാതാക്കി കോൺഗ്രസിനെ വീണ്ടും സംസ്ഥാനത്ത് പുനരൂജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യവും സംസ്ഥാനത്തെ പിന്നോക്ക വിഭാഗത്തെ പാർട്ടിയോട് കൂടുതൽ അടുപ്പിക്കുകയെന്ന കർത്തവ്യവുമാവും ഇവർ നിർവ്വഹിക്കേണ്ടി വരിക.

കർണാടകയിലെ ബി.ജെ.പി തന്ത്രങ്ങളുടെ മുനയൊടിച്ച കെ.സി വേണുഗോപാലിനെ ദേശീയ നേതൃത്വത്തിൽ ഉൾക്കൊള്ളിച്ച് ബി.ജെ.പിക്കെതിരായ കൃത്യം സന്ദേശമാണ് കോൺഗ്രസ് നൽകിയിട്ടുള്ളത്. കർണാടക തെരെഞ്ഞെടുപ്പു സമയത്തെ യുദ്ധതന്ത്രങ്ങളുടെയും സർക്കാർ രൂപീകരണ സമയത്തെ ചടുലനീക്കങ്ങളിലും കണ്ടത് കെ.സി വേണുഗോപാലെന്ന ഇരുത്തം വന്ന രാഷ്ട്രീയ നേതാവിന്റെ പക്വതയാർന്ന തന്ത്രങ്ങളുടെ വിജയമായിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് ഭരണമവസാനിപ്പിക്കാനെന്ന രീതിയിൽ നടന്ന ബി.ജെ.പിയുടെ കുതിരക്കച്ചവടം പൊളിച്ചടുക്കാനും കെ.സിക്ക് കഴിഞ്ഞു. ബി.ജെ.പിയെ അതേ നാണയത്തിൽ തിരിച്ചടിക്കാനുള്ള കഴിവും പക്വതയും പാർട്ടിയെ സംസ്ഥാനത്ത് ഒറ്റക്കെട്ടായി നയിക്കാൻ വേണുഗോപാൽ നടത്തിയ പ്രവർത്തനങ്ങളുമായി അദ്ദേഹത്തെ നിർണ്ണായക സ്ഥാനത്തെത്തിച്ചത്. കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി വേണുഗോപാൽ നിയമിതനാവുമ്പോഴും യുവത്വത്തിനും പക്വതയ്ക്കുമാണ് പാർട്ടി പ്രാധാന്യം നൽകുന്നതെന്ന സന്ദേശം കൂടിയാണ് പുറത്തേക്ക് നൽകുന്നത്. കർണാടകയിൽ ബി.ജെ.പിയെ മുട്ടുകുത്തിച്ച വേണുഗോപാലിന് ഇനി ബി.ജെ.പി ദേശീയ നേതൃത്വത്തോടാണ് ഏറ്റുമുട്ടേണ്ടി വരിക. മോദിയുടെ ദുർഭരണത്തിൽ നിന്നും രാജ്യത്തെ മോചിപ്പിക്കുകയെന്ന ലക്ഷ്യവുമായി തെരെഞ്ഞെടുപ്പിനിറങ്ങുന്ന കോൺഗ്രസിന് കെ.സിയുടെ തന്ത്രങ്ങളും മുതൽക്കൂട്ടാവുമെന്ന ഉത്തമ വിശ്വാസമാണ് പാർട്ടി നേതൃത്വത്തിനുള്ളത്.