5 വര്‍ഷം കൊണ്ട് എന്തുചെയ്തു? മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടാമെന്ന് കരുതേണ്ട, മോദി ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തര്‍: പ്രിയങ്കാ ഗാന്ധി

Wednesday, March 20, 2019

Priyanka-Ganga-Yatra

2019 ല്‍ ജനം മോദി സര്‍ക്കാരിനെ മാറ്റുമെന്ന് കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. മോദി സര്‍ക്കാരില്‍ ജനങ്ങള്‍ അരക്ഷിതരും അസന്തുഷ്ടരുമാണ്. യു.പിയിലെ സീതാമർഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

‘മോദി സര്‍ക്കാരില്‍ ജനം സംതൃപ്തരല്ല. 2019 ല്‍ ജനം ഈ സര്‍ക്കാരിനെ മാറ്റും. കര്‍ഷകരും, യുവാക്കളും, തൊഴിലാളികളും ഉള്‍പ്പെടെ രാജ്യത്തെ ജനങ്ങള്‍ എല്ലാവരും മോദി ഭരണത്തില്‍ അസന്തുഷ്ടരാണ്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് സര്‍ക്കാരിനെ താഴെയിറക്കും’ – പ്രിയങ്കാ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്തിനുവേണ്ടി ബി.ജെ.പി എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണം. മുന്‍ സര്‍ക്കാരുകളെ പഴി ചാരുന്നത് ബി.ജെ.പി അവസാനിപ്പിക്കാറായെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ബി.ജെ.പി ഭരണത്തില്‍ ഉത്തര്‍പ്രദേശ് പുരോഗതി പ്രാപിച്ചെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വാദം പൊള്ളയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. എല്ലാ വിഭാഗം ആളുകളെയും താന്‍ ദിവസവും കാണാറുണ്ട്. ബി.ജെ.പിയുടെ അവകാശവാദങ്ങള്‍ കേള്‍ക്കാന്‍ രസമുണ്ട്, പക്ഷെ ഇതൊന്നും നാട്ടില്‍ കാണാനില്ലെന്ന് പ്രിയങ്ക പരിഹസിച്ചു. യോഗി ആദിത്യനാഥിന്‍റെ ഭരണത്തില്‍ ഉത്തര്‍പ്രദേശ് ജനത ദുരിതത്തിലായെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാർട്ടിയെ ശക്തിപ്പെടുത്താന്‍ താഴേത്തട്ടില്‍ നിന്ന് പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് പ്രിയങ്ക പാര്‍ട്ടി പ്രവര്‍ത്തകരെ ഓര്‍പ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഭാദോഹി ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളോട് സംസാരിക്കവെ പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നടത്തിയ ‘ഗംഗായാത്ര’യില്‍ പ്രവര്‍ത്തകരെ കാണുകയായിരുന്നു പ്രിയങ്കാ ഗാന്ധി. പ്രയാഗ് രാജ് മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി വരെയുള്ള 140 കിലോമീറ്ററാണ് പ്രിയങ്ക ഗംഗയിലൂടെ സഞ്ചരിച്ചത്. ഗംഗാതീരത്ത് താമസിക്കുന്ന പിന്നാക്കക്കാരും പട്ടികജാതിക്കാരുമായ ജനവിഭാഗങ്ങളെ യാത്രയില്‍ പ്രിയങ്ക നേരില്‍ കണ്ടു.