ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്ക്കരണം : മുൻകാല സമരങ്ങൾ സിപിഎമ്മിനെ തിരിഞ്ഞു കൊത്തുന്നു

ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്ക്കരണത്തിന് സിപിഎം ചുവപ്പു പരവതാനി വിരിക്കുമ്പോൾ മുൻകാല സമരങ്ങൾ പാർട്ടിയെ തിരിഞ്ഞു കൊത്തുന്നു. നയം മാറ്റത്തോട് സിപിഐ അടക്കമുള്ള ഘടകകക്ഷികൾ എങ്ങനെ പ്രതികരിക്കും എന്നതും ശ്രദ്ധേയം.

സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരള രേഖയിൽ പറയുന്ന ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ പങ്കാളിത്തം , പാർട്ടി വർഷങ്ങളായി തുടരുന്ന സമീപനത്തിൽ നിന്നുള്ള വലിയ മാറ്റമാണ്. ഈ വിഷയത്തിൽ കേന്ദ്ര നേതൃത്വവുമായുള്ള ഭിന്നതകൾക്കിടെയാണ് വൻകിട സ്വകാര്യസ്ഥാപനങ്ങൾക്കായി കേരളം തുറന്ന് കൊടുക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. സ്വകാര്യ കല്പിത സർവ്വകലാശാലകൾക്ക് അനുമതി തേടിയുള്ള അപേക്ഷകളിൽ സർക്കാർ ഉടൻ അനുകൂല തീരുമാനമെടുക്കാനാണ് സാധ്യത.

മുൻ കാലങ്ങളിൽ സ്വകാര്യവത്ക്കരണ വിഷയത്തിൽ കേരളമാകെ അക്രമാസക്തമായ നിരവധി സമരങ്ങളാണ് വിദ്യാർത്ഥി- യുവജന സംഘടനകളെ ഉപയോഗിച്ച് സി പി എം നടത്തിയത്. യുഡിഎഫ് ഭരണ കാലത്ത് കോവളത്ത് നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടിപി ശ്രീനിവാസനെ അടിച്ചുവീഴ്ത്തിയായിരുന്നു ഇടത് സമരം. കോളേജുകൾക്ക് സ്വയം ഭരണപദവി നൽകാനുള്ള പരിശോധനക്കായെത്തിയ യുജിസി സംഘത്തെ രാപ്പകൽ സമരം നടത്തിയാണ് ഇടത് വിദ്യാർത്ഥി സംഘടനകൾ തടഞ്ഞിട്ടത്.

ഭരണത്തിലെത്തിയപ്പോൾ ഇതെല്ലാം സൗകര്യപൂർവം സിപിഎം മറന്നു. ഒടുവിൽ വൻകിട സ്വകാര്യ സ്ഥാപനങ്ങൾക്കായി വിദ്യാഭ്യാസ മേഖല തുറന്ന് കൊടുക്കുമ്പോൾ പാഴാക്കി കളഞ്ഞ വികസന വർഷങ്ങളെ കുറിച്ചാണ് പൊതു സമൂഹം ചിന്തിക്കുന്നത്.

Comments (0)
Add Comment