രാഹുല്‍ഗാന്ധി തുടരേണ്ടത് രാജ്യത്തിന്റെ ആവശ്യം; ക്രിയാത്മക പ്രതിപക്ഷമായി തുടരും : കോണ്‍ഗ്രസ്

Saturday, May 25, 2019

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി അംഗീകരിക്കുന്നതായും ക്രിയാത്മക പ്രതിപക്ഷമായി മുന്നോട്ടുപോകുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒപ്പം നിന്ന 12.13 കോടി വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നന്ദി അറിയിച്ചു. സാധാരണ ജനങ്ങളുടെ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ക്രിയാത്മകമായി വിലയിരുത്തി പാര്‍ട്ടി മുന്നോട്ടുപോകും. പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രയത്‌നിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നന്ദി.

ഈ അവസരത്തില്‍ രാഹുല്‍ഗാന്ധിയുടെ പാര്‍ട്ടിയിലെ സാന്നിധ്യം രാജ്യത്തിന്റെ ആവശ്യമാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി രാഹുല്‍ഗാന്ധിയുടെ നേതൃത്വം അനിവാര്യമാണ്. ഈ പ്രതികൂല സാഹചര്യത്തില്‍ രാജിവെക്കരുതെന്ന് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റ യുവാക്കളുടെയും പിന്നാക്കരുടെയും ദളിതരുടെും കര്‍ഷകരുടെയും ദരിദ്രരുടെയും ശബ്ദമാകാന്‍ രാഹുല്‍ഗാന്ധിയുടെ സാന്നിദ്ധ്യം ആവശ്യമാണ്.

കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടുവെങ്കിലും സാധാരണക്കാരനുവേണ്ടിയുള്ള പോരാട്ടം ശക്തമാക്കുമെന്നും. വിഭാഗീതയത സൃഷ്ടിച്ച് രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന ശക്തികള്‍ക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അറിയിച്ചു.

സംഘടനയില്‍ സമൂലമായ മാറ്റം ഉണ്ടാകണമെന്നും ഇതിനായി രാഹുല്‍ഗാന്ധിയെ ചുമതലപ്പെടുത്തിയതായും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. പരാജയത്തെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പാര്‍ട്ടിക്ക് ഉയരാനായില്ലെന്ന് എ.കെ. ആന്റണി പറഞ്ഞു. 2014 ല്‍ താന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചില കാര്യങ്ങള്‍ പാര്‍ട്ടി നടപ്പിലാക്കി. ചിലത് നടപ്പിലാക്കിയില്ലെന്നും എ.കെ. ആന്റണി ചൂണ്ടിക്കാട്ടി.  തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും സ്വാഭാവികമാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാരിനെതിരെ രാഹുല്‍ഗാന്ധി സഭയ്ക്ക് അകത്തും പുറത്തും ശക്തമായി പോരാടിയെന്നും ഗുലാംനബി ആസാദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു