സോണിയ ഗാന്ധി: എന്നും പാര്‍ട്ടിയെ പ്രതിസന്ധികളില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ വ്യക്തി

Jaihind Webdesk
Saturday, August 10, 2019

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ചരിത്രത്തിലെ സംഭവബഹുലമായ ഒരു ദശാസന്ധികളില്‍ രക്ഷകയുടെ വേഷമായിരുന്നു സോണിയ ഗാന്ധിക്ക്. നയപരിഷ്‌കണങ്ങളിലൂടെ കോണ്‍ഗ്രസിനെ പുതിയ കാലത്തിനോട് പാകപ്പെടുത്തിയത് സോണിയയുടെ നേതൃത്വമായിരുന്നു. വിമര്‍ശനങ്ങളോട് കാട്ടിയ സഹിഷ്ണുതാപൂര്‍വമായ സമീപനങ്ങളുടെ പേരിലും സോണിയാഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. 1991 ല്‍ വീര്‍ഭൂമിയില്‍ ഉയര്‍ന്ന രാജീവ്ഗാന്ധിയുടെ ചിതപ്പുക അവശേഷിപ്പിച്ച ഒരുപാട് രാഷ്്ട്രീയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു സോണിയ ഗാന്ധി.

കോണ്‍ഗ്രസിന്റെ പ്രൗഢചരിത്രത്തിനുമേല്‍ കളങ്കങ്ങള്‍ വാരിപ്പൊത്തപ്പെട്ട ആ ദശാസന്ധിയില്‍ സോണിയയുടെ വരവിനായി പ്രവര്‍ത്തകരും പാര്‍ട്ടിയും മുറവിളികൂട്ടി. രാജ്യത്തിനുവേണ്ടിയും സംഘടയ്ക്കുവേണ്ടിയും സോണിയ ഗാന്ധി സ്വയം പാകപ്പെടുകയായിരുന്നു.

അധികാരത്തിന്റെ ഇടനാഴിയില്‍ നിന്ന് പിന്നാമ്പുറത്തേക്ക് എടുത്തെറിയപ്പെട്ട പാര്‍ട്ടിയെ നയിച്ച് രാജ്യത്തിന്റെ വികസനപാതയിലെ കൊടിപാറിക്കാനായി സോണിയാഗന്ധിക്ക് ഒരിക്കല്‍. 2004 ല്‍ ഭരണത്തിളക്കത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട എന്‍.ഡി.എയുടെ പതനത്തിന്റെ ആക്കംകൂട്ടിയത് സോണിയാഗാന്ധിയുടെ പാകതയെത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ തന്നെയായിരുന്നു. ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോഴും ഒരേ നയത്തില്‍ കൂട്ടിക്കെട്ടാവുന്ന ഒരുപാട് പ്രാദേശികകക്ഷികളുടെ വിജയവും അവര്‍ മുന്നില്‍ക്കണ്ടു. അതിന്റെ ഫലമായിരുന്നു യു.പി.എ. ഇടതുകരങ്ങള്‍ പോലും കോണ്‍ഗ്രസിനായി ഉയര്‍ന്ന ആ കാലത്താണ് വിവരാവകാശവും തൊഴിലുറപ്പുമടക്കം ഭരണവിപ്ലവങ്ങള്‍ പലതുണ്ടായത്. വെള്ളിത്തളികയില്‍ വച്ചുനീട്ടിയ പ്രധാനമന്ത്രിപദം വേണ്ടെന്നുവച്ച് രണ്ടാംനിരയിലെ ഒന്നാമിരിപ്പിടത്തിലിരുന്ന് മുന്നണിയെ പത്തുവര്‍ഷം നയിച്ചു. പിന്നീട് ചരിത്രം കണ്ട ഏറ്റവും വര്‍ഗ്ഗീയ മുതലെടുപ്പിന്റെയും വിഭാഗീയതയുടെയും തേരിലേറി മോദിയും കൂട്ടരും അധികാരത്തിലേറിയെങ്കിലും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നവപ്രതീക്ഷയാണ് സോണിയ ഗാന്ധിയിലൂടെ പ്രസ്ഥാനത്തിനുണ്ടാകുന്നത്.