രാഷ്ട്രപതി കണ്ണൂരില്‍ ; ഏഴിമല നാവിക അക്കാദമിക്ക് ‘പ്രസിഡന്‍റ്സ് കളർ’ സമ്മാനിക്കും

Jaihind Webdesk
Tuesday, November 19, 2019

രാഷ്ട്രപതി റാം നാഥ് കോവിന്ദ് കണ്ണൂരിലെത്തി. ഇന്ന് വൈകിട്ടോടെയാണ് രാഷ്ട്രപതി കണ്ണൂരിലെത്തിയത്. സൈനിക യൂണിറ്റിന് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ പ്രസിഡന്‍റ്സ് കളർ ഏഴിമല നാവിക അക്കാദമിക്ക് സമ്മാനിക്കുന്നതിന് വേണ്ടിയാണ് രാഷ്ട്രപതി കണ്ണൂരിലെത്തിയത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് ഹെലികോപ്റ്ററിൽ ഏഴിമലയിലേക്ക് പോയി. നാളെ രാവിലെ 7 മണിക്ക് ഏഴിമല നാവിക അക്കാദമിയിലാണ് ചടങ്ങ്.

രാഷ്ട്രപതിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി നാളെ രാവിലെ 7 മണിക്ക് ഏഴിമല നാവിക അക്കാദമിയില്‍ പ്രത്യേക പരേഡ് നടക്കും. രാവിലെ 10.15 ന് അക്കാദമിയിലെ ഉദ്യോഗസ്ഥരുമായി റാം നാഥ് കോവിന്ദ് ചർച്ച നടത്തും. ബുധനാഴ്ച രാവിലെ 11.35 ഓടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.