ബോൺ നതാലെയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി

Jaihind News Bureau
Friday, December 27, 2019

പൂരത്തിനും പുലിക്കളിക്കും ശേഷം തൃശൂരിന്‍റെ ആഘോഷങ്ങളിൽ ഇടം നേടിയ ബോൺ നതാലെയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഇന്ന് വൈകീട്ട് അഞ്ചിന് പതിനായിരത്തോളം ക്രിസ്മസ് പാപ്പമാർ അണിനിരക്കുന്ന ഘോഷയാത്രക്ക് തുടക്കം കുറിയ്ക്കും.

തൃശ്ശൂർ പൗരാവലിയും അതിരൂപതയും സംയുക്തമായാണ് ബോൺ നതാലെ സംഘടിപ്പിക്കുന്നത്. വൈകിട്ട് 5 മണിക്ക് സെന്‍റ് തോമസ് കോളേജിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്യുന്ന ക്രിസ്മസ് ഘോഷയാത്ര സ്വരാജ് റൗണ്ട് ചുറ്റി 8 മണിക്ക് സമാപിക്കും.
ഘോഷയാത്രയിൽ പതിനായിരത്തോളം പാപ്പമാർ നതാലെ ഗാനത്തിനൊപ്പം ചുവടുവയ്ക്കും. വീൽചെയറിലും പൊയ്ക്കാലിലും നീങ്ങുന്ന പാപ്പമാർ അടക്കം സംഗമത്തിന്‍റെ ഭാഗമാകും. കൂടെ രണ്ടായിരത്തോളം മാലാഖ കുഞ്ഞുങ്ങളും രണ്ടായിരത്തി അഞ്ഞൂറ് ഫാൻസിഡ്രസ്സ് ധാരികളും അണിനിരക്കും.

ഇരുപത് ഫ്ലോട്ടുകളും ചലിക്കുന്ന തീമുകളും ഘോഷയാത്രയുടെ ഭാഗമാകും. ഏറ്റവുമധികം സാന്താക്ലോസ്മാരുടെ ഒത്തുചേരലോടെ ആദ്യ ബോൺ നതാലെ ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിരുന്നു. അന്ന് പതിനെണ്ണായിരം പാപ്പാമാരാണ് റൗണ്ട് ചുറ്റാൻ ഇറങ്ങിയിരുന്നത്.ഇത് ആറാം വർഷമാണ് പാപ്പാമാരുടെ സംഗമമായ ബോൺ നത്താലെ നടക്കുന്നത്.