തൃശൂരിന് ആശ്വാസം; രോഗം സ്ഥിരീകരിച്ച രണ്ടു പേരും കൂടുതൽ ആളുകളുമായി സമ്പർക്കം പുലർത്തിയിട്ടില്ല

Jaihind News Bureau
Thursday, March 26, 2020

തൃശൂരിൽ പുതുതായി രോഗം സ്ഥിരീകരിച്ച രണ്ടു പേരും കൂടുതൽ ആളുകളുമായി സമ്പർക്കം പുലർത്തിയിട്ടില്ല. ഇവരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരെയെല്ലാം കണ്ടെത്തി നിരീക്ഷണത്തിലാക്കാനും കഴിഞ്ഞു.

വിദേശത്തു നിന്ന് വന്നവരാണ് രണ്ട് പേരും. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ ഭർത്താവാണ് ഒരാൾ. ദമ്പതികൾ വന്നത് ഫ്രാൻസിൽ നിന്നാണ്. ഇരുവരും വിമാനത്താവളത്തിൽ നിന്ന് നേരിട്ട് വീട്ടിൽ എത്തി നിരീക്ഷണത്തിൽ കഴിഞ്ഞവരാണ്. മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടായിട്ടില്ല. രോഗം സ്ഥിരീകരിച്ച മറ്റൊരാൾ പാരീസിലെ എം.ബി.എ വിദ്യാർഥിയാണ്. നെടുമ്പാശേരിയിൽ ഇറങ്ങിയ ശേഷം ആലുവ ജനറൽ ആശുപത്രിയിൽ പോയി. വീട്ടിലെ കാറുമായി കൂട്ടാൻ വന്ന അച്ഛനേയും ഡ്രൈവറേയും ടാക്സിയിൽ പറഞ്ഞു വിട്ടു. വീട്ടിലെ കാറോടിച്ച് തൃശൂരിലെ വീട്ടിൽ എത്തി. മുകളിലത്തെ മുറിയിൽ കയറി താമസം തുടങ്ങി. പുറത്തിറങ്ങിയിട്ടില്ല. കൂടെയുണ്ടായിരുന്ന മംഗലാപുരം സ്വദേശിയായ സുഹൃത്തും കൂടെ മുറിയിലുണ്ടായിരുന്നു. ഇരുവരും ഇപ്പോൾ തൃശൂർ ജനറൽ ആശുപത്രി ഐസോഷേനിൽ കഴിയുന്നു. നിലവിൽ മൂന്നു പേരാണ് കോവിഡ് ബാധിച്ച് തൃശൂരിൽ ചികിൽസയിലുള്ളത്.