കോവിഡ് 19 : തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ തുടരുന്നത് 2003 പേർ

Jaihind News Bureau
Monday, March 16, 2020

തൃശൂർ ജില്ലയിൽ കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി 2003 പേർ നിരീക്ഷണത്തിൽ തുടരുന്നു. ജില്ലയിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

1955 പേർ വീടുകളിലും 48 പേർ വിവിധ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഇന്നലെ 8 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിൽ കഴിയുന്ന 20 പേർ ആശുപത്രി വിട്ടു.

ഇന്നലെ 24 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ആകെ 301 പേരുടെ 332 സാമ്പിളുകൾ ഇതുവരെ അയച്ചു. കൊറോണ ബാധിതനായ വിദേശി താമസിച്ച ചെറുതുരുത്തിയിലെ റിസോർട്ട് അടച്ചിടാൻ നിർദ്ദേശം നൽകി. വിദേശിക്കൊപ്പം ഇടപഴകിയതായി കരുതുന്ന റിസോർട്ടിലെ ജീവനക്കാരും താമസക്കാരും ഉൾപ്പെടെ 59 പേരെ നിരീക്ഷണത്തിലാക്കി.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ പാതയിൽ വാഹന പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം ബാംഗ്ലൂർ-എറണാകുളം ബസിൽ സഞ്ചരിച്ച രണ്ടു റഷ്യൻ സ്വദേശികളെ പരിശോധനയ്ക്ക് വിധേയമാക്കി. ക്വാറന്‍റയിൻ കാലാവധി പൂർത്തിയായതായി കണ്ടതിനെ തുടർന്ന് വിദേശികളെ യാത്ര തുടരാൻ അനുവദിച്ചു.

നിരീക്ഷണത്തിൽ കഴിയുന്നവർ മറ്റുളളവരുമായി സമ്പർക്കം ഒഴിവാക്കണമെന്ന മുന്നറിയിപ്പ് ചിലർ പാലിക്കുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയിൽ ഉത്സവങ്ങൾ, ആഘോഷങ്ങൾ, വിവാഹങ്ങൾ തുടങ്ങിയവ ലളിതമായ രീതിയിൽ നടത്തുന്നതിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

https://youtu.be/gXPa41CU08Q