ഞെട്ടലോടെയാണ് ചേങ്കോട്ടുകോണം നിവാസികൾ പ്രവീണിന്റെയും കുടുംബത്തിന്റെയും മരണവാർത്ത കേട്ടത്. സജീവ പൊതുപ്രവർത്തകനായിരുന്ന പ്രവീണും കുടുംബവും അത്രമേൽ പ്രിയപ്പെട്ടവരായിരുന്നു നാട്ടുകാർക്ക്. ഇവരുടെ മരണവിവരം അറിഞ്ഞ് അയ്യൻകോയിക്കൽ ക്ഷേ ത്രത്തിനടുത്തുള്ള രോഹിണിയിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും ഒഴുകുകയാണ്.
ഗൾഫിൽ എഞ്ചിനിയറായ പ്രവീൺ എറണാകുളത്ത് നിന്നാണ് ഭാര്യക്കും കുട്ടികൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കഴിഞ്ഞ ശനിയാഴ്ച നേപ്പാളിലേക്ക് യാത്ര തിരിച്ചത്. ജോലിത്തിരക്കുകളും പ്രയാസങ്ങളും മാറ്റി വെച്ച് സന്തോഷപൂർണമായ മൃനിമിഷങ്ങൾ സ്വപ്നം കണ്ട്. എന്നാൽ നേപ്പാളിലെ കൊടുംതണുപ്പ് ഈ കുടുംബത്തിന് മേൽ കരിനിഴൽ പടർത്തി. തണുപ്പ് പ്രതിരോധിക്കാൻ ഇവർ താമസിച്ച റിസോർട്ടിലെ എല്ലാ മുറികളിലും ഹീറ്റർ പ്രവർത്തിപ്പിച്ചിരുന്നു. കാർബൺ മോണോക്സൈഡ് എന്ന നിശബ്ദ കൊലയാളി പ്രിയപ്പെട്ടവരുടെ ജീവൻ അപഹരിച്ചു എന്ന വാർത്ത കേട്ടപ്പോൾ, അത് ഉൾക്കൊള്ളാൻ നാട്ടുകാർക്ക് സധിച്ചില്ല.
സജീവ പൊതുപ്രവർത്തകനായിരുന്ന പ്രവീണിന്റെയും കുടുംബത്തിന്റെയും മരണവിവരം അറിഞ്ഞ് അയ്യൻകോയിക്കൽ ക്ഷേത്രത്തിനടുത്തുള്ള രോഹിണിയിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും ഒഴുകിയെത്തി. ഇനി ഒരിക്കലും ജീവനോടെ അവരെ കാണാൻ കഴിയില്ലെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു കൊണ്ട്.