നേതാക്കളെ വിമർശിച്ചു ; പാർട്ടി പോരാളിക്ക് സിപിഎമ്മിന്‍റെ സൈബർ ക്വട്ടേഷൻ ; നാടുവിടാനൊരുങ്ങി ‘ഷിബുലാല്‍ജി’

Jaihind Webdesk
Tuesday, April 13, 2021

 

തിരുവനന്തപുരം : സിപിഎം സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് നാടുവിടാനൊരുങ്ങി പാര്‍ട്ടിയുടെ തന്നെ സൈബര്‍ മുഖം പ്രമോദ് മോഹന്‍ തകഴി. ‘ഷിബുലാല്‍ജി’ എന്ന ഫേക്ക് അക്കൗണ്ടിലൂടെ എതിരാളികളെ കളിയാക്കിവന്ന സൈബര്‍ പോരാളിക്കാണ് ഈ ദുരവസ്ഥ !  തൊഴിലെടുത്തു ജീവിക്കാൻ അനുവദിക്കില്ലെന്നും തുലച്ചു കളയുമെന്നുമാണ് സിപിഎം ഭീഷണി. കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അച്ഛനെയും അമ്മയെയും നേരെ തെറി മുഴക്കുന്നുവെന്നും പ്രമോദ്. ജാതി അധിക്ഷേപവും വധഭീഷണിയുമുണ്ട്. തനിക്കൊപ്പം കുടുംബവും മാനസികമായി തകർന്നു പോയെന്നും പ്രമോദ്.

സിപിഎം ആക്രമണം ഇനിയും തുടരുമെങ്കില്‍ നാടുപേക്ഷിച്ച് വീണ്ടും പ്രവാസിയാകേണ്ടിവരുമെന്നാണ് പ്രമോദിന്റെ നിലപാട്. നാട്ടില്‍ ചെറിയ ടൂറിസം സംരംഭവും പാര്‍ട്ടി പ്രവര്‍ത്തനവും നടത്തി കഴിയാമെന്ന പ്രതീക്ഷയിലാണ് ആറു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് പ്രമോദ് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നാട്ടിലെത്തിയത്. സ്പീക്കർ പി.ശ്രീരാമകൃഷ്ണന്‍റേയും മന്ത്രി കെ.ടി.ജലീലിന്‍റേയും വിദേശയാത്രകളിൽ ചില സംശയങ്ങളുണ്ടെന്ന് ദിവസങ്ങൾക്കു മുൻപ് പോസ്റ്റിട്ടതിനു പിന്നാലെയാണ് പ്രമോദിനു നേരെ സൈബർ ആക്രമണം തുടങ്ങിയത്.

തുടർന്ന് സുഹൃത്തുക്കളുമായി ചേർന്ന് ലീസിനെടുത്ത് നടത്തുന്ന ഹൗസ് ബോട്ടിലെയും റിസോർട്ടിലെയും ബുക്കിങ്ങെല്ലാം കാൻസലായി. ‘‘ഇപ്പോൾ ‘അറബിക്കഥ’ എന്ന ചലച്ചിത്രത്തിലെ ശ്രീനിവാസന്റെ അവസ്ഥയാണ് തനിക്കെന്നും  നാട്ടിൽ നിൽക്കാൻ  സമ്മതിക്കില്ലെങ്കിൽ തിരിച്ചുപോകേണ്ടി വരുമെന്നും പ്രമോദ് പറയുന്നു. അച്ഛനും അമ്മയും രണ്ടു ജാതിക്കാരായതു കൊണ്ടാണ് നിലപാടുകൾ മാറുന്നതെന്നു വരെ സൈബർ സഖാക്കൾ കണ്ടെത്തി. ജാതി വിവരം നാട്ടിലെത്തന്നെ ചില സഖാക്കൾ കണ്ടെത്തി സൈബർ ഇടങ്ങളിലേക്കു കൈമാറിയതാണെന്നാണ് പ്രമോദിന്റെ സംശയം. അയൽക്കാരനും സുഹൃത്തുമായ ബിജെപി നേതാവ് പ്രൊഫൈൽ പിക്ചർ മാറ്റിയപ്പോൾ പ്രമോദ് കമന്റിൽ ഒരു ലൗ ഇട്ടിരുന്നു എന്നതുവരെ സൈബർ വിചാരണക്കാർ കണ്ടെത്തി.

ദുബായിൽ ഫയർ ആൻഡ് സേഫ്റ്റി മേഖലയിൽ ജോലി ചെയ്തിരുന്ന പ്രമോദ് നാലു വർഷങ്ങൾക്കു മുൻപാണ് സർക്കാസം വിഡിയോകൾ ചെയ്തു തുടങ്ങിയത്. ഗുജറാത്തിൽ പട്ടേൽ പ്രതിമ സ്ഥാപിച്ചത് ഭൂമി കുലുക്കം തടയാനാണെന്നും പെട്രോൾ വില വർധന ഡോളർ വില ഇടിക്കാനാണെന്നുമൊക്കെ പറഞ്ഞുള്ള പ്രമോദിന്റെ വിഡിയോകൾ സർക്കാസമാണെന്ന് അറിയാതെ ചില സംഘപരിവാർ പ്രവർത്തകർ ഉൾപ്പെടെ ഷെയർ ചെയ്തുവന്നത് സോഷ്യൽ മീഡിയയിലെ വലിയ തമാശയായിരുന്നു. തന്റെ വിഡിയോകൾ സിപിഎമ്മിന്റെ ഫെയ്സ്ബുക്ക് പേജിൽ വരെ ഷെയർ ചെയ്തിട്ടുണ്ടെന്ന് പ്രമോദ് പറയുന്നു.