വോട്ടെടുപ്പ് തുടങ്ങി; കനത്ത മഴ വെല്ലുവിളി

Jaihind Webdesk
Monday, October 21, 2019

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ കനത്ത മഴ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.

മഞ്ചേശ്വരം ഒഴികെ എല്ലാ മണ്ഡലങ്ങളിലും കനത്ത മഴയാണ്. ഇത് പോളിങിനെ ബാധിക്കുമോയെന്ന് രാഷ്ട്രീയ പാര്‍ട്ടികളെ ആശങ്കയിലാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളത്ത് ബൂത്തുകളില്‍ വെള്ളംകയറിയതിനെത്തുടര്‍ന്ന് ആറ് ബൂത്തുകള്‍ മാറ്റ് സ്ഥാപിച്ചു. ഉപതെരഞ്ഞെടുപ്പില്‍ 896 പോളിങ് സ്റ്റേഷനുകളിലായി 9,57,509 പേര്‍ക്കാണ് വോട്ടവകാശം. 4,91,455 വനിതകളും 4,66,047 പുരുഷന്‍മാരും ഏഴ് ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പടെയാണിത്. 35 സ്ഥാനാര്‍ഥികളാണ് മത്സരത്തിനുള്ളത്. വിദ്യാര്‍ഥികളായ വോട്ടര്‍മാര്‍ക്ക് വോട്ടുചെയ്യുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
വോട്ടെടുപ്പ് സുരക്ഷയ്ക്കായി 10 കമ്പനി കേന്ദ്രസേനയെ കൂടാതെ സംസ്ഥാന പൊലീസില്‍നിന്ന് 3696 പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. സിഐഎസ്എഫിന്റെ ആറ്് പ്ലാറ്റൂണിനെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസ് ആസ്ഥാനത്ത് ഇലക്ഷന്‍ സെല്ലും സജ്ജമാണ്.