നോക്കുകുത്തിയായി ആഭ്യന്തരവകുപ്പ്, കുതിച്ചുയർന്ന് രാഷ്ട്രീയകൊലപാതകങ്ങള്‍; പിണറായിക്കാലം ക്രിമിനലുകളുടെ വസന്തകാലം

Jaihind Webdesk
Monday, December 20, 2021

 

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്തും കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുതിച്ചുയരുന്നു. ഈ ഭരണകാലത്ത് 47 രാഷ്ട്രീയ കൊലപാതകങ്ങളാണ് സംഭവിച്ചത്.  അവസാന 12 മാസങ്ങളില്‍ മാത്രം എട്ട് കൊലപാതകങ്ങളും. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളിലാണ് രാഷ്ട്രീയ കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍.

2016 മേയ് 25 മുതല്‍ 2021 ഡിസംബര്‍ 19 വരെ  19 ആര്‍എസ്എസ് /ബിജെപി പ്രവര്‍ത്തകരും 12 സിപിഎം/ഡിവൈഎഫ്ഐക്കാരും കൊല്ലപ്പെട്ടു. കോണ്‍ഗ്രസ്/ യൂത്ത് കോണ്‍ഗ്രസ്- 4, മുസ്‌ലിം ലീഗ്/യൂത്ത് ലീഗ്- 6, എസ്ഡിപിഐ- 2, ഐഎന്‍ടിയുസി-1, ഐഎന്‍എല്‍- 1 എന്നിങ്ങനെയാണ് മരണപ്പട്ടിക.  പിണറായി സര്‍ക്കാറിന്‍റെ കാലത്ത് ഏറ്റവുമധികം കൊലപാതകം നടന്നത് കണ്ണൂരിലാണ്.

നവംബര്‍ 15 ന് പാലക്കാട്ട് ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ പട്ടാപ്പകല്‍ ബൈക്കിടിച്ച് വീഴ്ത്തി എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. സഞ്ജിത്തിന്‍റെ കൊലപാതകമുണ്ടായപ്പോള്‍ പാലക്കാട്ടോ മറ്റേതെങ്കിലും ജില്ലയിലോ പ്രത്യാക്രമണം ഉണ്ടായേക്കാമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായെങ്കിലും ജില്ലാ പൊലീസ് മേധാവിമാര്‍ ഗൗരവമായെടുത്തിരുന്നില്ല.

ഡിസംബര്‍ 2 ന് പത്തനംതിട്ട പെരിങ്ങരയില്‍ സിപിഎം പ്രവര്‍ത്തകന്‍ സന്ദീപിനെ രാഷ്ട്രീയവും വ്യക്തിപരവുമായ വിരോധത്തെ തുടര്‍ന്ന് ആര്‍എസ്എസ്, ബിജെപി ക്രിമിനലുകള്‍ കുത്തിക്കൊലപ്പെടുത്തി. ദിവസങ്ങള്‍ക്കുമുമ്പാണ് തിരുവനന്തപുരത്ത് പൊലീസിന് പിടികൂടാന്‍ സാധിക്കാതിരുന്ന കൊലക്കേസ് പ്രതിയെ ഗുണ്ടകള്‍ തിരഞ്ഞുപിടിച്ച് വെട്ടിക്കൊന്നതും കാല്‍ വെട്ടിയെടുത്ത് റോഡിലെറിഞ്ഞതും.

മുന്‍കാലങ്ങളില്‍ പൊലീസ് സ്‌റ്റേഷനുകളില്‍നിന്ന് നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ജില്ല പൊലീസ് മേധാവിമാരുടെ ഓഫീസില്‍ തയാറാക്കാറുണ്ട്. എന്നാല്‍ ഈ പ്രവര്‍ത്തനം സ്തംഭിച്ചിട്ട് രണ്ടുവര്‍ഷത്തിലേറെയായി. പകരം കൊവിഡ് കേസുകളുടെ വിവരശേഖരണം മാത്രമായി ഇവരുടെ ജോലി ഒതുങ്ങി. ഇതും സംസ്ഥാനത്ത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തഴച്ചുവളരാനിടയാക്കി.

നിഷ്‌ക്രിയമായ ആഭ്യന്തരവകുപ്പിനെ നോക്കുകുത്തിയാക്കി രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമല്ല പൊലീസ് അതിക്രമങ്ങളും സംസ്ഥാനത്ത് പെരുകുന്നത് സിപിഎമ്മിന്‍റെ സമ്മേളന കാലത്ത് കൂടിയാണ്. ഒന്നാം പിണറായി സര്‍ക്കാറില്‍ മാവോവാദികളെ വെടിവെച്ച് കൊലപ്പെടുത്തിയത് മുതല്‍ പ്രതിക്കൂട്ടിലായത് ആഭ്യന്തരവകുപ്പായിരുന്നു. ഭരണത്തുടര്‍ച്ചയിലും പൊലീസിന്‍റെയും ആഭ്യന്തരവകുപ്പിന്‍റെ തലപ്പത്ത് ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് സിപിഎമ്മിന്‍റെ ഏരിയ സമ്മേളനങ്ങളിലെ വിമര്‍ശനങ്ങള്‍ അടിവരയിടുന്നത്.

പിങ്ക് പൊലീസ് അവമതിപ്പുണ്ടാക്കി, പൊലീസിനുമേല്‍ സര്‍ക്കാറിന് ഒരു നിയന്ത്രണവുമില്ല, തുടങ്ങിയ രൂക്ഷവിമര്‍ശനങ്ങള്‍ സമ്മേളനങ്ങളിലുണ്ടായി. എന്നാൽ പൊലീസിന്‍റെ ആത്മവീര്യം തകര്‍ക്കുന്നതിനാണ് ആരോപണം ഉന്നയിക്കുന്നതെന്ന പ്രതിരോധമാണ് ഒന്നാം സര്‍ക്കാര്‍ മുതല്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇതാവട്ടെ പൊലീസിലെ ഉന്നതര്‍ മുതല്‍ താഴെത്തട്ട് വരെ ആരോപണ വിധേയരായവര്‍ക്ക് സുരക്ഷിത വലയം ഒരുക്കുന്നതിന് സഹായകരമായി.