പി.എസ്.സി പരീക്ഷാത്തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ച് എസ്.എ.പി ക്യാമ്പിലെ പൊലീസുകാരൻ ഗോകുൽ. ഉത്തരങ്ങൾ എസ്.എം.എസ് വഴി പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ക്ക് നൽകിയെന്ന് ഗോകുൽ ക്രൈംബ്രാഞ്ചിന് മൊഴിനൽകി. ഒളിവിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങുകയായിരുന്നു.
പി.എസ്.സി പരിശീലന കേന്ദ്രം നടത്തുന്ന ഒരു സുഹൃത്താണ് ഉത്തരങ്ങൾ കണ്ടെത്താൻ സഹായിച്ചതെന്നും ഗോകുൽ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. ഉത്തരങ്ങൾ അയക്കാൻ ഉപയോഗിച്ച ഫോൺ നഷ്ടപ്പെട്ടുവെന്നും മൊഴിയിൽ പറയുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിൽ നടത്തിയ ചോദ്യംചെയ്യലിലാണ് ഗോകുൽ പരീക്ഷാത്തട്ടിപ്പ് സമ്മതിച്ചത്.
പി.എസ്.സി ക്രമക്കേട് കേസിലെ മുഖ്യപ്രതികളായ നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവർക്ക് പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ഉത്തരം എസ്.എം.എസായി അയച്ചു നൽകിയത് ഗോകുലും സഫീറും ചേർന്നാണെന്ന് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പേരൂർക്കട എസ്.എ.പി ക്യാമ്പിലെ സി.പി.ഒ ആണ് കേസിൽ അഞ്ചാം പ്രതിയായ ഗോകുൽ. ഇയാൾ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. റിമാൻഡ് ചെയ്ത ഗോകുലിനെ മൂന്നുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
പി.എസ്.സി നടത്തിയ കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പ് നടത്തിയതിന് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീർ, ഗോകുൽ എന്നിവരെ പ്രതികളാക്കി ഈ മാസം എട്ടിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. വിശ്വാസ വഞ്ചന, ക്രിമിനൽ കുറ്റം ചെയ്യാനുള്ള പ്രേരണ തുടങ്ങി പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്.