തളിപ്പറമ്പിൽ ഹാക്കർമാർ ബാങ്ക് അക്കൗണ്ട് കയ്യേറിയ സംഭവം : പൊലീസ് അന്വേഷണം ആരംഭിച്ചു

Jaihind News Bureau
Wednesday, September 11, 2019

തളിപ്പറമ്പിൽ ഹാക്കർമാർ ബാങ്ക് അക്കൗണ്ട് കയ്യേറിയ സംഭവത്തിൽ സൈബർ സെല്ലിന്‍റെ സഹായത്തോടെ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.  എഴുപത്തിയഞ്ച് ശതമാനം പണവും സുരക്ഷിതമെന്ന് ബാങ്ക് അധികൃതർ. സൈബർ സെല്ലിന്‍റെ സഹായത്തോടെ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാജ അക്കൗണ്ടുകളിലൂടെ എഴുപത്തിയൊമ്പത് ലക്ഷം രൂപയാണ് ഹാക്കർമാർ തട്ടാൻ ശ്രമിച്ചത്.

ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന. തളിപ്പറമ്പ് അർബൻ സഹകരണ ബാങ്കിന്‍റെ ഐ.സി.ഐ.സി.ഐ ബാങ്കിലുള്ള നിക്ഷേപത്തിൽ നിന്നാണ് പണം തട്ടിയത്. സാധാരണ ഗതിയിൽ അർബൻ ബാങ്ക് നൽകുന്ന നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഐ.സി.ഐ.സി.ഐ ബാങ്ക് പണം അനുവദിക്കുക. എന്നാൽ പരിചിതമല്ലാത്ത അക്കൗണ്ടുകളിലേക്ക് പണമിടപാട് നടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് തട്ടിപ്പ് മനസിലായത്. വ്യത്യസ്ത ബാങ്കുകളുടെ പതിനാറ് അക്കൗണ്ടുകളിലേക്ക് 79 ലക്ഷം രൂപയാണ് മാറ്റിയത്. തട്ടിപ്പ് മനസിലായ ഉടനെ അക്കൗണ്ട് മരവിപ്പിച്ചതിനാൽ വലിയ നഷ്ടം ഒഴിവായി. പത്ത് മുതൽ പതിനഞ്ച് ലക്ഷത്തോളം രൂപ മാത്രമേ ഹാക്കർമാരുടെ കൈകളിലെത്തിയിട്ടുണ്ടാകൂ എന്നാണ് നിഗമനം.

പതിനഞ്ച് ലക്ഷത്തോളം രൂപ ഇതിനോടകം തിരിച്ചുപിടിച്ചു കഴിഞ്ഞു. ഏത് ബാങ്കിന്‍റെ വെബ്‌സൈറ്റാണ് ഹാക്കർമാർ തകർത്തതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

 

https://youtu.be/MKvCIERXXRI