പിൻവാതിൽ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു

Jaihind News Bureau
Saturday, February 6, 2021

പിൻവാതിൽ നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.

പി എസ് സി ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ തീരുമാനം പിൻവലിക്കുക, പിൻവാതിൽ നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക ഇനി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സുധീർ ഷാ പാലോടിന്‍റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാനം വൈസ് പ്രസിഡന്‍റ് കെ എസ് ശബരീനാഥൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം തുടർന്ന പ്രവർത്തകർക്കു നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

മാർച്ചിനിടെ പരിക്കേറ്റ വനിതാ പ്രവർത്തകയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എൻഎസ് നുസൂർ, എസ് എം ബാലു തുടങ്ങിയവരും മാർച്ചിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

https://www.facebook.com/JaihindNewsChannel/posts/1536446453212758