പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും കോടികളുടെ വായ്പാതട്ടിപ്പ്

Jaihind Webdesk
Monday, July 8, 2019

പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും കോടികളുടെ വായ്പാതട്ടിപ്പ്. ഭൂഷൺ പവർ ആൻഡ് സ്റ്റീൽ ലിമിറ്റഡാണ് വ്യാജരേഖകൾ ഹാജരാക്കി 3,800 കോടിയിലേറെ രൂപ തട്ടിയെടുത്തത്.

അക്കൗണ്ടുകളിൽ കൃത്രിമം നടത്തിയും ഫണ്ട് വകമാറ്റിയുമാണ് തട്ടിപ്പു നടത്തിയതെന്നു പിഎൻബി റിസർവ് ബാങ്കിനെ അറിയിച്ചു. ഫോറൻസിക് ഓഡിറ്റിംഗിലൂടെ തട്ടിപ്പു നടന്നതായി കണ്ടെത്തിയതിനെത്തുടർന്ന് സിബിഐ കേസ് രജിസ്റ്റർ ചെയ്തു. കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി വജ്രവ്യാപാരി നീരവ് മോദി വിദേശത്തേക്കു കടന്നതിനു പിന്നാലെയാണ് പഞ്ചാബ് നാഷണൽ ബാങ്കിനെതിരേ വീണ്ടും വായ്പാതട്ടിപ്പ് വിവാദമുയരുന്നത്.

നിർദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ച് 1,932.47 കോടി രൂപ മാത്രമാണ് കമ്പനിക്ക് വായ്പ അനുവദിച്ചിട്ടുള്ളത്. എന്നാൽ, ബാങ്കുകളുടെ കൺസോർഷ്യത്തിന്‍റെയും ബാങ്കിന്‍റെയും മിസ് അപ്രോപ്രിയേറ്റ് ഫണ്ടുകൾ ഉൾപ്പെടെയുള്ളവ വഴിതിരിച്ചു വിട്ട് പണം തട്ടിയെടുക്കുകയായിരുന്നു.

ദുബായ്, ഹോങ്കോംഗ് ബ്രാഞ്ചുകളിൽ ഭൂഷൺ സ്റ്റീൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ബാങ്ക് വെളിപ്പെടുത്തി. ഫോറൻസിക് ഓഡിറ്റ് അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കമ്പനിക്കും ഡയറക്ടർമാർക്കുമെതിരേ സിബിഐ സ്വമേധയാ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.