‘വ്യോമസേനാ വിമാനം ടാക്സിയാക്കിയത് മോദി; നുണപ്രചാരണം മോദിയുടെ അവസാനത്തെ ആയുധം’ ; രാജീവ് ഗാന്ധിക്കെതിരായ നുണപ്രചാരണം പൊളിച്ച് കോണ്‍ഗ്രസ്

Jaihind Webdesk
Thursday, May 9, 2019

Modi-Surjewala

രാജീവ് ഗാന്ധി നാവികസേനയുടെ യുദ്ധക്കപ്പല്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചെന്ന മോദിയുടെ ആരോപണത്തിന്‍റെ മുനയൊടിച്ച് കോണ്‍ഗ്രസ്. രാജീവ് ഗാന്ധിക്കെതിരെ മോദി ഉന്നയിച്ച ആരോപണം തെറ്റാണെന്ന് വ്യക്തമാക്കി മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ തന്നെ രംഗത്തെത്തി. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജീവ് ഗാന്ധി അവധിക്കാലം ആഘോഷിക്കാന്‍ ഐ.എന്‍.എസ് വിരാട് ഉപയോഗിച്ചെന്നായിരുന്നു മോദിയുടെ ആരോപണം. എന്നാല്‍ മുന്‍ വൈസ് അഡ്മിറല്‍ വിനോദ് പസ്‌രീച ഇത് നുണയാണെന്ന് വ്യക്തമാക്കി രംഗത്തെത്തി. രാജീവ് ഗാന്ധി അവധിക്കാലം ആഘോഷിക്കാനായിരുന്നില്ല മറിച്ച് അതൊരു ഔദ്യോഗിക യാത്രയുടെ ഭാഗമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ പ്രധാനമന്ത്രി തട്ടിമൂളിച്ചത് കള്ളമായിരുന്നു എന്നത് വ്യക്തമായി. എന്നാല്‍ മോദിയാകട്ടെ ഇന്ത്യയുടെ വ്യോമസേനാ വിമാനങ്ങള്‍ സ്വന്തം ടാക്‌സിയായാണ് സ്വകാര്യ യാത്രകള്‍ക്ക് ഉപയോഗിച്ചതെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു.

240 സ്വകാര്യ യാത്രകളാണ് അഞ്ച് വര്‍ഷത്തെ ഭരണകാലയളവില്‍ മോദി നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും വ്യോമസേനയുടെ വിമാനങ്ങള്‍ ഉപയോഗിച്ചതും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജെവാല ചൂണ്ടിക്കാട്ടി. 2014 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 240 സ്വകാര്യ യാത്രകളാണ് മോദി  നടത്തിയത്. എന്നാല്‍ വ്യോമസേനയ്ക്ക് 1.4 കോടി രൂപ മാത്രമാണ് ഇതിന് വാടകയായി നല്‍കിയത്. 2019 ജനുവരിയില്‍ നടത്തിയ ബലംഗീര്‍- പഥര്‍ചേര യാത്രയ്ക്ക് വെറും 744 രൂപയാണ് വ്യോമസേനയ്ക്ക് നല്‍കിയതെന്നും സുര്‍ജെവാല പറഞ്ഞു.

ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് മോദി രാജീവ് ഗാന്ധിക്കെതിരെ ആപോപണം ഉന്നയിച്ചത്. പരാജയഭീതിയില്‍ നുണപ്രചാരണം നടത്തുകയാണ് മോദി ചെയ്യുന്നത്. മോദിയുടെ അവസാനത്തെ ആയുധമാണ് നുണപ്രചാരണമെന്നും സുര്‍ജെവാല കുറ്റപ്പെടുത്തി.