ഇന്‍റർനെറ്റും കമ്പ്യൂട്ടറുമില്ല ; പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണം: സർക്കാർ സുപ്രീംകോടതിയില്‍

Jaihind Webdesk
Saturday, September 11, 2021

ന്യൂഡല്‍ഹി : പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ഇന്‍റർനെറ്റ് സംവിധാനവും കമ്പ്യൂട്ടറും ഇല്ലാത്തതും മൂലം പല കുട്ടികളും പരീക്ഷയിൽ നിന്ന് പുറത്താകുമെന്നാണ് വാദം.ഓൺലൈനായി പരീക്ഷ നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയിൽ സത്യവാംങ്ങ്മൂലം നൽകി.

മോഡൽ പരീക്ഷയുടെ അടിസ്ഥനത്തിൽ പ്ലസ് വൺ മൂല്യനിർണയം നടത്താനാകില്ല. വീടുകളിൽ ഇരുന്ന് കുട്ടികൾ എഴുതിയ മോഡൽ പരീക്ഷ മാനനണ്ഡമാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ സത്യവാങ്ങ്മൂലത്തിൽ പറയുന്നു. കേരളത്തിൽ സാങ്കേതിക സർവ്വകലാശാലയിലെ ബിടെക് പരീക്ഷക്ക് സുപ്രീംകോടതി അനുമതി നൽകിയിരുന്നുവെന്ന് സർക്കാർ ചൂണ്ടിക്കാണിക്കുന്നു.

പ്ലസ് വൺ പരീക്ഷക്ക് എതിരെയുള്ള ഹർജികൾ തള്ളണം, ഒക്ടോബറിൽ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂർത്തിയാക്കുമെന്നാണ് സർക്കാരിന്‍റെ ഉറപ്പ്. കേസ് 13ന് സുപ്രീംകോടതി പരിഗണിക്കും.

കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുമ്പോൾ നേരിട്ടുള്ള പരീക്ഷ നടത്തിപ്പ് അംഗീകരിക്കില്ലെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ശാസ്ത്രീയ പഠനങ്ങളൊന്നും നടത്തിയല്ല പരീക്ഷ തീരുമാനിച്ചതെന്നും ആരോഗ്യരംഗത്ത് പുരോഗതിയുള്ളപ്പോഴും കൊവിഡിനെ പിടിച്ചുകെട്ടാൻ കേരളത്തിന് സാധിക്കുന്നില്ലെന്നും കോടതി വിമർശിച്ചിരുന്നു.