കുതിച്ചെത്തി കടുവ, മരണത്തെ മുന്നില്‍ കണ്ട് തൊഴിലാളികള്‍; ഭീതിയില്‍ വയനാട്ടിലെ തോട്ടം തൊഴിലാളികള്‍

Jaihind Webdesk
Monday, September 18, 2023

 

വയനാട്: വാകേരിയിൽ തോട്ടം തൊഴിലാളികൾക്ക് നേരെ കടുവ പാഞ്ഞടുത്തു. ഏദൻവാലി എസ്റ്റേറ്റിലെ രണ്ട് സ്ത്രീ തൊഴിലാളികളാണ് കടുവയ്ക്ക് മുന്നിൽ പെട്ടത്. തലനാരിഴക്ക് ഇവർ രക്ഷപ്പെട്ടെങ്കിലും എസ്റ്റേറ്റിൽ കടുവയെ കണ്ടതോടെ അമ്പതോളം  തോട്ടം തൊഴിലാളികൾ ഭീതിയിലായി. കഴിഞ്ഞവർഷവും ഇതേ എസ്റ്റേറ്റിൽ നിന്ന് ഒരു കടുവയെ വനം വകുപ്പ് കൂടു വെച്ച് പിടികൂടിയിരുന്നു.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ഏദൻ വാലി എസ്റ്റേറ്റിലെ തൊഴിലാളികൾ കടുവയെ കണ്ടത്. രാവിലെ ജോലിക്കെത്തിയ ഇന്ദിര, ശാരദ എന്നീ തൊഴിലാളികൾക്ക് നേരെ കടുവ ചാടിവീഴുകയായിരുന്നു. അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ആക്രമണത്തിന്‍റെ ഞെട്ടലില്‍ നിന്ന് ഇവർ മുക്തരായിട്ടില്ല.

ഏലച്ചെടികളും കാപ്പിച്ചെടികളും വളർന്നുനിൽക്കുന്ന തോട്ടത്തിൽ കാണാമറയത്തെവിടെയോ കടുവയുണ്ടെന്ന ഭീതിയിലാണ് തൊഴിലാളികൾ. കഴിഞ്ഞവർഷം കടുവയെ പിടികൂടിയ എസ്റ്റേറ്റിൽ വീണ്ടും കടുവയിറങ്ങിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ക്യാമറകൾ സ്ഥാപിച്ചും കൂടുവെച്ചും കടുവയെ പിടികൂടാനുള്ള ശ്രമത്തിലാണ് വനപാലകർ.