മുസ്ലീംലീഗ് വെല്ലുവിളികളെ അതിജയിച്ച പ്രസ്ഥാനം ; വിവാദം സിപിഎം സൃഷ്ടിച്ചത് : പി.കെ കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Sunday, August 8, 2021

മലപ്പുറം: കാലത്തിന്‍റെ വെല്ലുവിളികളെ അതിജയിച്ച പ്രസ്ഥാനമാണ് മുസ്ലീംലീഗെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സമുദായത്തിന്‍റെ അവകാശങ്ങൾക്കും അവശ വിഭാഗങ്ങളുടെ ഉയർച്ചക്കും വേണ്ടി ലീഗ് ഉറക്കെ പറഞ്ഞുകൊണ്ടിരിക്കും. ഇത് പറയുമ്പോൾ പാർട്ടിയെ പ്രതിരോധത്തിലാക്കാൻ രാഷ്ട്രീയ എതിരാളികൾ വിവാദങ്ങളുമായി രംഗത്തുവരുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

എതിരാളികൾ  തീർക്കുന്ന കെണിയിൽ വീഴാതെ സൂക്ഷിക്കുക എന്നതും സംഘടനാപരമായ അച്ചടക്കവും പ്രധാനമാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദം സി.പി.എം സൃഷ്ടിച്ചതാണ്. സർക്കാരിന്റെ മുസ്ലിം വിരുദ്ധ നിലപാടുകൾക്കെതിരെ ഉയർന്ന പ്രതിഷേധം മറി കടക്കാനും ശ്രദ്ധതിരിച്ച് വിടാനും വേണ്ടിയാണ് സി.പി.എം ശ്രമിക്കുന്നത്. സമുദായത്തിന് വേണ്ടി കപട സ്നേഹം നടിക്കുന്നവരെ തിരിച്ചറിയണം. ഉള്ളും പുറവും ഒരു പോലെയുള്ള പാർട്ടിയാണ് ലീഗ്. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും സമൂഹത്തിൽ വിഭാഗീയതയുണ്ടാക്കാൻ ലീഗ് ശ്രമിച്ചിട്ടില്ല.

മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ പാർട്ടി ഒറ്റക്കെട്ടായി ചെറുക്കും. കൊവിഡ് പ്രവർത്തനങ്ങളിൽ സർക്കാർ മണ്ടൻ നയങ്ങളാണ് നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ ഓരോ കാര്യങ്ങളും സർക്കാരിന് അംഗീകരിക്കേണ്ടി വരുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു. മലപ്പുറം ജില്ലാ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്‍റലക്ച്വൽ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.