പിണറായി വാഴ്ത്തിപ്പാടിയത് ഉമ്മന്‍ ചാണ്ടി സർക്കാരിന്‍റെ നേട്ടം ; നീതി ആയോഗ് റിപ്പോർട്ട് തയാറാക്കിയത് 2015ലെ സര്‍വേയുടെ അടിസ്ഥാനത്തില്‍

Jaihind Webdesk
Saturday, November 27, 2021

 

തിരുവനന്തപുരം : രാജ്യത്ത് ദാരിദ്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന നീതി ആയോഗ് റിപ്പോര്‍ട്ട് ഉയര്‍ത്തി വമ്പന്‍ പ്രചരണം ആരംഭിച്ച മുഖ്യമന്ത്രി പിണറായി വിജയന് പണിപാളി. റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം വ്യക്തമായി വായിക്കാതെ ചാര്‍ട്ട് കണ്ട് മാത്രം നേട്ടത്തിന്‍റെ പിതൃത്വം ഏറ്റെടുത്ത് പ്രചരണത്തിന് തുടക്കമിട്ട മുന്‍ മാധ്യമ ഉപദേശകനായ രാജ്യസഭാ എംപിയുടെ പ്രചരണം കണ്ണുംപൂട്ടി ഏറ്റുപിടിച്ചതാണ് മുഖ്യമന്ത്രിക്ക് പറ്റിയ അമളി.

രാജ്യത്തെ ദാരിദ്ര്യ സൂചിക (എംപിഐ) സംബന്ധിച്ച നീതി ആയോഗിന്‍റെ ആദ്യ റിപ്പോര്‍ട്ടാണിത്. ഈ സൂചികയിലാണ് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം ഇടംപിടിച്ചത്. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നേട്ടമായി സോഷ്യല്‍ മീഡിയയില്‍ ആദ്യം അവകാശവാദവുമായി രംഗത്തെത്തിയത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന രാജ്യസഭാ എംപിയാണ്. തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും തങ്ങളുടെ നേട്ടമായി അവതരിപ്പിച്ച് രംഗത്തെത്തി.
കേരളത്തില്‍ മൊത്ത ജനസംഖ്യയുടെ 0.71 ശതമാനം പേര്‍ മാത്രമേ ദാരിദ്യ രേഖയ്ക്ക് താഴെയുള്ളൂവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതടക്കമുള്ള കണ്ടെത്തലുകളുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് 2015 – 2016-ലെ ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ അടിസ്ഥാനത്തിലാണ്. ഇക്കാര്യം റിപ്പോര്‍ട്ടിന്‍റെ കവര്‍ പേജിലും നിതീ അയോഗ് വൈസ് ചെയര്‍മാന്‍ ഡോ. രാജീവ് കുമാറിന്‍റെ സന്ദേശത്തിലും വ്യക്തമായി പറയുന്നുണ്ട്. അതായത് പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ഈ നേട്ടത്തിന്‍റെ അവകാശി ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ്. ഇതിന്‍റെ പിതൃത്വം ഏറ്റെടുക്കാന്‍ സിപിഎം നടത്തിയ ശ്രമമാണ് പാളിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കിറ്റ് വിതരണം അടക്കമുള്ള നടപടികളുടെ ഫലമാണ് നേട്ടത്തിന് പിന്നിലെന്നുവരെ സിപിഎം അണികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.

സിപിഎം മൂന്നര പതിറ്റാണ്ടോളം ഭരിച്ച പശ്ചിമ ബംഗാളിന്‍റെ അവസ്ഥ ദയനീയമാണ്. അവിടെ മൊത്തം ജനസംഖ്യയുടെ 21.43 ശതമാനം പേര്‍ ദരിദ്രരാണ്. ത്രിപുരയുടെ കാര്യവും വ്യത്യസ്തമല്ല. ത്രിപുരയിലെ മൊത്ത ജനസംഖ്യയുടെ 16.65 ശതമാനം പേരാണ് ദരിദ്രര്‍.

ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളുടെ പട്ടികയില്‍ ബിഹാറാണ് ഒന്നാമത്. തൊട്ടുപിന്നില്‍ ജാര്‍ഖണ്ഡും ഉത്തര്‍പ്രദേശുമാണ്. ബിഹാറിലെ ജനസംഖയുടെ 51.91 ശതമാനം പേര്‍ ദരിദ്രരാണ്, ജാര്‍ഖണ്ഡില്‍ 42.16 ശതമാനവും ഉത്തര്‍പ്രദേശില്‍ 37.79 ശതമാനവുമാണ് കണക്ക്.

പ്രഥമ നഗര സുസ്ഥിര വികസന ലക്ഷ്യ (എസ്.ഡി.ജി) സൂചികയില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ തിരുവനന്തപുരവും കൊച്ചിയും ഇടം നേടി. രാജ്യത്തെ 56 നഗരങ്ങളെ 77 മാനദണ്ഡങ്ങളുടെയും 46 വികസന ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തി പ്രസിദ്ധീകരിച്ച പട്ടികയിലാണ് തിരുവനന്തപുരത്തിനും കൊച്ചിക്കും അഭിമാനകരമായ നേട്ടം കൈവരിക്കാനായത്.