പേന വാങ്ങാന്‍ 72,500 രൂപ ! കൊവിഡ് കാലത്ത് പിണറായി സർക്കാരിന്‍റെ മറ്റൊരു ‘ചെലവ് ചുരുക്കല്‍’

Jaihind News Bureau
Thursday, February 11, 2021

തിരുവനന്തപുരം : കൊവിഡിനെ തുടർന്ന് ചെലവ് ചുരുക്കൽ ഉത്തരവ് ഇറക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സാമൂഹ്യ സംഘടനാ നേതാക്കൾക്ക് പേന വാങ്ങാൻ ചെലവഴിച്ചത് 72,500 രൂപ. സി.പിഎം നിയന്ത്രണത്തിലുള്ള സെക്രട്ടേറിയേറ്റ് സ്റ്റാഫ് കോ- ഓപ്പറേറ്റീവ് സൊസെറ്റിയിൽ നിന്നാണ് പേനകൾ വാങ്ങിയത്. തുക അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

സംസ്ഥാന ഖജനാവിൽ നിന്ന് കൊവിഡ് കാലത്ത് പോലും ധൂർത്തടിച്ച് ചോരുന്ന തുക സി.പി.എം അനുഭാവികൾക്കും പാർട്ടിക്കും  എന്നതാണ് സർക്കാർ നയം. ഇതിന് അടിവരയിടുന്നതാണ്  ഈ സoഭവവും. പുതുവത്സരത്തിൽ സാമൂഹ്യനേതാക്കൾക്ക് സമ്മാനിച്ച സർക്കാർ ഡയറിയോട് ഒപ്പം അയച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് വലിയ തുക ചെലവഴിച്ച് പേന വാങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിവിധ മത-സാമൂഹ്യ സംഘടനാ നേതാക്കളുമായി ഈയിടെ ആശയവിനിമയം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിനിടെയായിരുന്നു കൂടിക്കാഴ്ചകൾ.

സർക്കാർ വിളിച്ചുചേർക്കുന്ന യോഗങ്ങളിൽ പങ്കെടുക്കാറുള്ള സംസ്ഥാനത്തെ വിവിധ  സാമൂഹ്യ സംഘടനാ ഭാരവാഹികൾക്ക് പുതുവത്സരത്തിൽ സർക്കാർ ഡയറിയോടൊപ്പം അയച്ചുകൊടുക്കുന്നതിന് പേന വാങ്ങിയ വകയിലാണ് ഈ തുക അനുവദിച്ചതെന്ന് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഷൈൻ എ ഹഖ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ കൊവിഡ് കാലത്ത് മന്ത്രിമാർക്ക് തോർത്ത് വാങ്ങിയ ഇനത്തിൽ സർക്കാർ 75,000 രൂപ ചെലവാക്കിയത് വിവാദമായിരുന്നു.