പിണറായി സര്‍ക്കാര്‍ കേരളത്തെ പിശാചിന്‍റെ സ്വന്തം നാടാക്കിമാറ്റി : എം.എം ഹസന്‍

Friday, October 18, 2019

M.M-Hassan

ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തെ കഴിഞ്ഞ മൂന്നരവര്‍ഷം കൊണ്ട് പിണറായി സര്‍ക്കാര്‍ പിശാചിന്‍റെ സ്വന്തം നാടാക്കിമാറ്റിയെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസന്‍. കുന്നുകുഴിയിലും പേരൂര്‍ക്കടയിലും നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമല്ല,  കവര്‍ച്ചയും കൊള്ളയും കൊലയും ഉള്‍പ്പെടെയുള്ള പൈശാചിക അക്രമസംഭവങ്ങളുടെ നാടായി കേരളം മാറി. സി.പി.എമ്മുകാര്‍ രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തുമ്പോള്‍ കൊലയാളികളെ രക്ഷിക്കാന്‍ പോലീസും  ഖജനാവിലെ പണം ഉപയോഗിച്ച് സര്‍ക്കാര്‍ പ്രതികള്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെയാണ് കോടതിക്ക് ഇവരെ ശിക്ഷിക്കാന്‍ കഴിയുകയെന്ന് എം.എം ഹസന്‍ ചോദിച്ചു. കഠിന തടവിന് ശിക്ഷിക്കപ്പെട്ടവര്‍ തുടര്‍ച്ചയായി പരോളും ജയിലില്‍ സുഖവാസവും അനുഭവിക്കുന്നു. പിണറായി സര്‍ക്കാര്‍ ഒപ്പമുള്ളപ്പോള്‍ ആര്‍ക്കും ആരേയും കൊല്ലാം എന്ന സന്ദേശമാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് കേരളം രാജ്യത്ത് കൊലപാതകങ്ങളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ആയതെന്ന് മുഖ്യമന്ത്രിക്ക് മറുപടിയായി എം.എം ഹസന്‍ പറഞ്ഞു.

കാല്‍നൂറ്റാണ്ട് കാലം കോര്‍പറേഷന്‍ ഭരിച്ച സി.പി.എം ഒരുകാലത്ത് ശുചിത്വ നഗരമായിരുന്ന തലസ്ഥാനത്തെ നരകമാക്കി മാറ്റി. മാലിന്യനിര്‍മാര്‍ജനത്തില്‍ കോര്‍പറേഷന്‍ പരാജയമാണ്. അതിനാലാണ് പിണറായി സര്‍ക്കാര്‍ കോര്‍പറേഷനില്‍ നിന്നും പിഴ ഈടാക്കിയത്. നഗരപിതാവായ ഇടതുസ്ഥാനാര്‍ത്ഥി പ്രശാന്തിനെ നരകപിതാവെന്നാണ് വിളിക്കേണ്ടത്. സര്‍ക്കാരിന്‍റെ നേട്ടങ്ങളുടെ പേരില്‍ വോട്ടുചോദിക്കാന്‍ പിണറായിക്കും കോര്‍പറേഷന്‍റെ നേട്ടങ്ങളുടെ പേരില്‍ വോട്ട് ചോദിക്കാന്‍ പ്രശാന്തിനും യോഗ്യതയില്ലെന്നും എം.എം ഹസന്‍ പറഞ്ഞു.