പെരുമ്പാവൂർ പള്ളി തർക്കത്തിന് പരിഹാരം; ഇരുവിഭാഗത്തിനും ആരാധനയ്ക്ക് പ്രത്യേക സമയം

Jaihind Webdesk
Wednesday, March 27, 2019

പെരുമ്പാവൂർ ബെഥേൽ സുലോക്ക പള്ളി തർക്കം ആരാധനയ്ക്ക് ഇരുവിഭാഗത്തിനും പ്രത്യേക സമയം അനുവദിച്ച് കൊണ്ട് തീരുമാനമായി. എറണാകുളം ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനത്തിൽ എത്തിയത്.

പെരുമ്പാവൂർ ബെഥേൽ സുലോഖ പള്ളിയിലെ യാക്കോബായ – ഓർത്തഡോക്സ് തർക്കത്തിന് പരിഹാരം. ഇരു വിഭാഗങ്ങൾക്കുമുള്ള ആരാധന സമയം ക്രമീകരിച്ചുകൊണ്ട് തീരുമാനമായി.

ഓർത്തഡോക്സ് വിഭാഗത്തിന്‍റെ സമയം രാവിലെ 6 മുതൽ 8.45 വരെയും യാക്കോബായ വിഭാഗത്തിന്‍റെ സമയം 9 മുതൽ 12 വരെയും ആയി നിശ്ചയിച്ചു. പള്ളി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിലായിരിക്കും. പള്ളിയുടെ താക്കോൽ വില്ലേജ് ഓഫീസറോ മറ്റ് സർക്കാർ ഉദ്യോഗസ്ഥനോ സൂക്ഷിക്കും. ആരാധനയ്ക്ക് അനുവദിച്ച സമയത്ത് പള്ളി തുറക്കും. വിവാഹം, മരണം പോലുളള പ്രത്യേക സന്ദർഭങ്ങൾ പ്രത്യേകമായി പരിഗണിച്ച് തീരുമാനിക്കും. പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് പുതിയ കോടതി വിധി ഉണ്ടാകുന്നതു വരെ ഈ രീതി പിന്തുടരും.

ശനിയാഴ്ച ഓർത്തഡോക്സ് വിഭാഗം പെരുമ്പാവൂർ ബെഥേൽ സുലോക്കോ പള്ളിയിൽ പ്രവേശിച്ചതോടെയാണ് യാക്കോബായ വിഭാഗവുമായുള്ള പ്രശ്നങ്ങൾ തുടങ്ങിയത്. അപ്പോൾ മുതൽ പള്ളിക്ക് മുന്നിൽ ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. സുപ്രീംകോടതി വിധി പ്രകാരം പള്ളി വിട്ടുകിട്ടണമെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്‍റെ ആവശ്യം. എന്നാൽ മുൻപ് ഉണ്ടായിരുന്ന പോലെ ആരാധന നടത്താമെങ്കിലും പള്ളി വിട്ടു കൊടുക്കാൻ അനുവദിക്കില്ലെന്നാണ് യാക്കോബായ വിഭാഗത്തിന്‍റെ നിലപാട്.  ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചർച്ചയിൽ ഇരു സഭാപ്രതിനിധികളും പങ്കെടുത്തു.[yop_poll id=2]